ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അഗ്വേറോ കളിക്കുമോ? പെപ് പറയുന്നു!

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള പ്രീമിയർ ലീഗിലെ തന്റെ അവസാനമത്സരമായിരുന്നു സെർജിയോ അഗ്വേറോ ഇന്നലെ എവെർട്ടണെതിരെ കളിച്ചത്. പകരക്കാരനായി വന്ന അഗ്വേറോ ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് അവസാനമത്സരം ഗംഭീരമാക്കിയത്. പത്ത് വർഷത്തോളം നീണ്ട ഇതിഹാസസമാനമായ കരിയറിന് തിരശീലയിടുകയാണെന്ന് അഗ്വേറോ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതായാലും മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഇനി ഒരു മത്സരം കൂടിയുണ്ട്. ചെൽസിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ. കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കളത്തിലേക്ക് ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ നിരയിൽ സെർജിയോ അഗ്വേറോയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പരിശീലകൻ പെപ്. ആദ്യ ഇലവനിൽ താരത്തെ ഉൾപ്പെടുത്താൻ സാധ്യത കുറവാണെന്നും എന്നാൽ പകരക്കാരനായി കൊണ്ട് താരം ഇറങ്ങിയേക്കുമെന്നുള്ള സൂചനയാണ് പെപ് ഗ്വാർഡിയോള നൽകിയിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിനുശേഷം സംസാരിക്കുകയായിരുന്നു സിറ്റി പരിശീലകൻ.

“തീർച്ചയായും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹത്തെ കളിപ്പിക്കുന്ന ഞങ്ങൾ പരിഗണിക്കും.ഞങ്ങൾക്ക് അഞ്ച് സബ്സ്റ്റിട്യൂഷനുകൾ നടത്താനുള്ള അവസരമുണ്ടല്ലോ. അത്കൊണ്ട് തന്നെ ഇക്കാര്യം പരിഗണിക്കും.അദ്ദേഹമിപ്പോൾ വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.ഞങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കാൻ വേണ്ടി സഹായിക്കാൻ അദ്ദേഹം തയ്യാറാണ് ” പെപ് പറഞ്ഞു. അതേസമയം താരത്തെ കുറിച്ച് വിതുമ്പലോടെയാണ് പെപ് സംസാരിച്ചിരുന്നത്. വളരെ നല്ല ഒരു വ്യക്തിയാണ് അഗ്വേറോയെന്നും പകരക്കാരനില്ലാത്ത താരമാണ് അദ്ദേഹമെന്നുമാണ് പെപ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *