ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന നിലപാടിലുറച്ച് റൊണാൾഡോ,ഇനി ആശ്രയം ഈ രണ്ട് ക്ലബുകൾ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇതിനുള്ള അനുമതി താരം ക്ലബ്ബിനോട് തേടിയിരുന്നുവെങ്കിലും യുണൈറ്റഡ് ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.താരത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് തുറന്നുപറയുകയും ചെയ്തിരുന്നു.

അതേസമയം ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ പുറത്തുവിട്ടിട്ടുണ്ട്. അതായത് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്നുള്ള ആഗ്രഹത്തിൽ റൊണാൾഡോ ഉറച്ച് നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫറിൽ യുണൈറ്റഡ് വിടണമെന്നുള്ള തീരുമാനത്തിന് റൊണാൾഡോ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.

നേരത്തെ റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസ് പല ക്ലബ്ബുകൾക്കും താരത്തെ ഓഫർ ചെയ്തിരുന്നു.എന്നാൽ പിഎസ്ജിയും ചെൽസിയും ഇത് നിരസിക്കുകയായിരുന്നു. ഇനി റൊണാൾഡോ പ്രധാനമായും ആശ്രയിക്കുക സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ കണ്ടെത്തിയിട്ടുള്ളത്. സൂപ്പർ താരം സുവാരസ് ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് റൊണാൾഡോയെ സിമയോണി പരിഗണിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

പക്ഷേ നിലവിൽ ഗ്രീസ്മാൻ,ജോവോ ഫെലിക്സ്,കുഞ്ഞ,കൊറേയ,മൊറാറ്റ എന്നീ മുന്നേറ്റ നിര താരങ്ങളെ അത്ലറ്റിക്കോക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോയെ എത്തിക്കൽ എത്രത്തോളം സാധ്യമാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. റൊണാൾഡോയെ സംബന്ധിച്ചിടത്തോളം മറ്റൊരു ഓപ്ഷൻ ബയേൺ മ്യൂണിക്കാണ്. റൊണാൾഡോ തങ്ങളുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ഇല്ല എന്നുള്ള കാര്യം നേരത്തെ ഒലിവർ ഖാൻ അറിയിച്ചിരുന്നു. എന്നാൽ സൂപ്പർ താരം ലെവന്റോസ്ക്കി ക്ലബ്ബ് വിടുകയാണെങ്കിൽ അവിടെ റൊണാൾഡോക്ക് ഒരു സാധ്യത അവശേഷിക്കുന്നുണ്ട്.

ഏതായാലും നിലവിൽ റൊണാൾഡോ അത്ലറ്റിക്കോ,ബയേൺ എന്നിവരെയാണ് ആശ്രയിക്കുന്നത് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ കണ്ടെത്തിയിട്ടുള്ളത്. ഇനി തന്റെ തീരുമാനത്തിൽ താരം മാറ്റം വരുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *