ചരിത്രത്തിലെ മികച്ച താരം ഞാനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല: CR7 നുമായുള്ള മത്സരത്തെ കുറിച്ച് മെസ്സി പറയുന്നു!

തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി’ഓർ നേടിയതിന് ശേഷം ലയണൽ മെസ്സി ഫ്രാൻസ് ഫുട്ബോളിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. നിരവധി കാര്യങ്ങളെ കുറിച്ച് മെസ്സി അതിൽ സംസാരിച്ചിരുന്നു. കൂട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരത്തെ കുറിച്ചുള്ള ഒരു ചോദ്യവും മെസ്സിക്ക് നേരിടേണ്ടിവന്നിരുന്നു.എന്നാൽ ബാക്കിയുള്ളവർ എന്ത്‌ ചെയ്യുന്നു എന്നുള്ളത് താൻ പരിഗണിക്കാറില്ല എന്നാണ് മെസ്സി ഇതിന് മറുപടിയായി പറഞ്ഞിട്ടുള്ളത്. കൂടാതെ ചരിത്രത്തിലെ മികച്ച താരം താനാണെന്ന് സ്വയം അവകാശപ്പെട്ടിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” എപ്പോഴും സ്വയം മെച്ചപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.മറ്റുള്ളവർ എന്ത്‌ ചെയ്യുന്നു എന്നുള്ളത് ഞാൻ പരിഗണിക്കാറില്ല.ഞാനും ക്രിസ്റ്റ്യാനോയും ഒരേ ലീഗിൽ ഒരുപാട് കാലം കളിച്ചിരുന്നു. അന്ന് ഞങ്ങൾക്കിടയിൽ മത്സരം നടന്നിട്ടുണ്ട്.അത് മികച്ച ഒരു കാര്യമായിരുന്നു, മാത്രമല്ല രണ്ട് പേരെയും വളരാൻ അത് സഹായിച്ചിരുന്നു.എന്റെ ഏറ്റവും മികച്ച നിലയിലേക്ക് എത്തുക എന്നുള്ളത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നുള്ളത് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.ഞാൻ അതിനെ കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുന്നു പോലുമില്ല.ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാണ് എന്നുള്ളത് തന്നെ ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു കാര്യമാണ് ” മെസ്സി പറഞ്ഞു.

ഏതായാലും മെസ്സി ക്രിസ്റ്റ്യാനോയുമായി മത്സരിക്കുന്നില്ല എന്നുള്ള കാര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *