ഗർനാച്ചോയുടെ കാര്യത്തിലുള്ള ആശങ്ക തുറന്നുപറഞ്ഞ് ടെൻ ഹാഗ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫുൾഹാമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ യുവസൂപ്പർ താരം അലെജാൻഡ്രോ ഗർനാച്ചോ നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ഈ സീസണിൽ മികച്ച പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. യുണൈറ്റഡിനു വേണ്ടി അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കാൻ ഗർനാച്ചോക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഗർനാച്ചോയെ കുറിച്ച് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഗർനാച്ചോ കാലുകൾ നിലത്തുറപ്പിച്ച് നിർത്തണം അഥവാ വിനയാന്വിതനായി നിലകൊള്ളണം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഇനി ഒരു മാസത്തോളം താരത്തിന് മത്സരങ്ങൾ ഒന്നുമില്ലാത്ത കാര്യത്തിൽ ടെൻ ഹാഗ് ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇനി ഒരു മാസത്തോളം അദ്ദേഹത്തിന് വിശ്രമമാണ്.അത് വളരെ അപകടകരമായ ഒരു കാര്യമാണ്. ഇപ്പോൾ അദ്ദേഹം മികച്ച നിലയിലാണ് ഉള്ളത്. ഇനി അദ്ദേഹം എങ്ങനെയാണ് തിരിച്ചു വരുന്നത് എന്നുള്ളത് ഞങ്ങൾ നോക്കും.ഇപ്പോൾ അദ്ദേഹത്തിന്റെ എനർജി മികച്ച നിലയിലാണ്. തീർച്ചയായും ഈ ഇമ്പാക്ട് അദ്ദേഹം തുടരുക തന്നെ ചെയ്യും.അദ്ദേഹത്തിന്റെ പുരോഗതിയിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. പക്ഷേ അദ്ദേഹം തന്റെ കാലുകൾ നിലത്തുറപ്പിച്ചു തന്നെ നിർത്തണം.ഈ ജയത്തിൽ അദ്ദേഹം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വളരെ നല്ല രൂപത്തിലാണ് അദ്ദേഹം മത്സരം ഫിനിഷ് ചെയ്തത്. ബെഞ്ചിൽ നിന്നും വരുന്ന താരങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് അക്കാദമിയുടെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മാസക്കാലം അദ്ദേഹത്തിന് കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *