ഗോൾ ഓഫ് ദി സീസൺ പുരസ്കാരം അർജന്റൈൻ സൂപ്പർ താരത്തിന്!
ഈ സീസണിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോക്ക് കഴിഞ്ഞിട്ടുണ്ട്. 30 ലീഗ് മത്സരങ്ങളിലാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിൽ നിന്ന് ഏഴ് ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.ഈ സീസണിൽ മോശം പ്രകടനം നടത്തിയിട്ടുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്.
പക്ഷേ ഈ അർജന്റൈൻ സൂപ്പർ താരത്തെ തേടി ഒരു പുരസ്കാരം എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് നേടിയത് അലജാൻഡ്രോ ഗർനാച്ചോയാണ്. അദ്ദേഹം എവർടണെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോളാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ പുരസ്കാരം അദ്ദേഹം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
— Alejandro Garnacho Club (@agarnacho17) May 23, 2024
ഈ പുരസ്കാരത്തിന് വേണ്ടി ആകെ 9 ഗോളുകളായിരുന്നു മത്സരിച്ചിരുന്നത്.അർജന്റൈൻ താരമായ അലക്സിസ് മാക്ക് ആലിസ്റ്റർ, തന്റെ യുണൈറ്റഡ് സഹതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്,റാഷ്ഫോർഡ്,കോബി മൈനൂ എന്നിവരുടെ ഗോളുകളൊക്കെ ഈ പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇവരെയൊക്കെ പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ഗർനാച്ചോ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.വെയ്ൻ റൂണി 2011ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഗോളിന് സമാനമായ ഒരു ഗോളായിരുന്നു ഗർനാച്ചോ എവർടണെതിരെ നേടിയിരുന്നത്.
2017 മുതലാണ് പ്രീമിയർ ലീഗ് ഈ അവാർഡ് നൽകി തുടങ്ങിയത്. ആദ്യതവണ ലിവർപൂളിലായിരുന്ന എംരി ചാനാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,സൺ,എറിക്ക് ലമേല എന്നിവരൊക്കെ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ സംഘടിപ്പിക്കുന്ന വോട്ട് പരിഗണിച്ചുകൊണ്ടാണ് വിജയികളെ തിരഞ്ഞെടുക്കാറുള്ളത്.