ഗോളടിച്ച് കൂട്ടി പാൽമർ, ഇടം നേടിയത് മഹാരഥന്മാർക്കൊപ്പം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ചെൽസിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ പരാജയപ്പെടുത്തിയത്.കോൾ പാൽമർ, ക്രിസ്റ്റഫർ എങ്കുങ്കു എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.അവസാനത്തെ നാല് മത്സരങ്ങളിലും വിജയിച്ച ചെൽസി ഇപ്പോൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

മത്സരത്തിന്റെ 34ആം മിനുട്ടിലാണ് പാൽമർ തന്റെ ഗോൾ കണ്ടെത്തിയത്.ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോൾ പിറന്നത്.ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മാത്രമായി 22 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല മഹാരഥന്മാർക്കൊപ്പം ഇടം നേടാനും ഇതുവഴി പാൽമർക്ക് സാധിച്ചിട്ടുണ്ട്. ഒരു പ്രീമിയർ ലീഗ് സീസണിൽ 22ഓ അതിലധികമോ ഗോളുകൾ നേടിയ 36ആമത്തെ താരമാണ് പാൽമർ.നിരവധി ഇതിഹാസങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട്.

ഹെൻറി,ക്രിസ്റ്റ്യാനോ റൊണാൾഡോ,ടോറസ്,ദ്രോഗ്ബ,റൂണി,സുവാരസ്‌,സലാ,മാനെ,ഹാലന്റ് എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളവരാണ്.മാത്രമല്ല പ്രീമിയർ ലീഗിൽ 22 ഗോളുകൾക്ക് പുറമേ 10 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.അതായത് ആകെ 32 ഗോൾ പങ്കാളിത്തങ്ങൾ.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള മൂന്നാമത്തെ താരം പാൽമറാണ്. 44 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള ഹാരി കെയ്ൻ ഒന്നാം സ്ഥാനത്തും 34 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള എംബപ്പേ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. ഇവർക്ക് പുറകിലാണ് പാൽമർ വരുന്നത്.

ഈ മിന്നുന്ന പ്രകടനത്തിന്റെ എല്ലാം ക്രെഡിറ്റ് അദ്ദേഹം തന്റെ പരിശീലകനായ പോച്ചെട്ടിനോക്ക് നൽകിയിട്ടുണ്ട്. ഈ പ്രകടനത്തിന്റെ കാരണം പരിശീലകനാണെന്നും എല്ലാ താരങ്ങളും പരിശീലകനെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി പോരാടാൻ ആഗ്രഹിക്കുന്നുവെന്നും പാൽമർ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ സമ്മറിലായിരുന്നു ചെൽസി സിറ്റിയിൽ നിന്നും പാൽമറെ സ്വന്തമാക്കിയത്. ചെൽസി സമീപകാലത്ത് നടത്തിയ ഏറ്റവും മികച്ച ട്രാൻസ്ഫർ ഈ ഇംഗ്ലീഷ് സൂപ്പർതാരത്തിന്റേത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *