ഗൊറില്ല ഇമോജി,ഗർനാച്ചോക്കെതിരെ അന്വേഷണം, വിവാദമാക്കേണ്ടതില്ലെന്ന് ഒനാന!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡ് കോപൻഹേഗനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാനത്തിൽ അവർക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ആൻഡ്രേ ഒനാന അത് തടഞ്ഞു കൊണ്ട് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതായത് ഒനാനക്കൊപ്പമുള്ള ഒരു ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരുന്നത്.മാത്രമല്ല ഗൊറില്ലയുടെ രണ്ട് ഇമോജികളും ഗർനാച്ചോ ചേർത്തിരുന്നു.ഇത് പിന്നീട് വലിയ വിവാദമായി.ഗർനാച്ചോ ഒനാനയെ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണം.ഇതോടുകൂടി താരം ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു.വൈകാതെ താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
🔴🇦🇷 FA have been investigating into Garnacho’s social media post in which he used gorilla emojis over a picture of Andre Onana's penalty save.
— Fabrizio Romano (@FabrizioRomano) October 26, 2023
🇨🇲 Onana replies: “People can’t choose what I should be offended by. Garnacho meant power and strenght. This should go no further”. pic.twitter.com/k6kea9Iwgz
വലിയ വിവാദമായതോടുകൂടി ഒനാന തന്നെ തന്റെ സഹതാരത്തിന് പിന്തുണയുമായി കൊണ്ട് എത്തിയിട്ടുണ്ട്.ഒനാനയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എന്തിന് ദേഷ്യപ്പെടണം എന്നുള്ളത് നിങ്ങളല്ല തീരുമാനിക്കേണ്ടത്.ഗർനാച്ചോ എന്താണ് ഉദ്ദേശിച്ചത് എന്നുള്ളത് എനിക്ക് കൃത്യമായി അറിയാം. എന്റെ പവറിനെയും സ്ട്രെങ്ത്തിനേയുമാണ് അതിലൂടെ ഗർനാച്ചോ ഉദ്ദേശിച്ചിട്ടുള്ളത്. ഇനി ഇതിന്റെ അപ്പുറത്തേക്ക് ഈ വിഷയം കൊണ്ടു പോകരുത് ” ഇതായിരുന്നു ഒനാന എഴുതിയിരുന്നത്.
എന്നാൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഗർനാച്ചോയെ അവർ കോൺടാക്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തിക്ക് നേരത്തെ കവാനി,ബെർണാഡോ സിൽവ എന്നിവർക്കൊക്കെ വിലക്ക് ലഭിച്ചതാണ്.ഒനാനക്ക് ഇക്കാര്യത്തിൽ പരാതി ഇല്ലെങ്കിലും ഒരുപക്ഷേ ഗർനാച്ചോക്ക് ഇക്കാര്യത്തിൽ ശിക്ഷാനടപടികൾ ഏൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.