ഗുണ്ടോഗന് പകരക്കാരൻ പക്കേറ്റ,വൻ ഓഫർ നൽകി പെപ്പും സിറ്റിയും!

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗൻ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ടിരുന്നു. ഫ്രീ ഏജന്റായിക്കൊണ്ട് എഫ്സി ബാഴ്സലോണയായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയത്. മറ്റൊരു സൂപ്പർതാരമായ സിൽവക്ക് വേണ്ടി ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സിറ്റി താരത്തെ വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. ചെൽസിയിൽ നിന്നും മധ്യനിരയിലേക്ക് മാറ്റിയോ കൊവാസിച്ചിനെ സിറ്റി സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളക്ക് ഒരു മധ്യനിര താരത്തെ കൂടി ആവശ്യമുണ്ട്. ആ സ്ഥാനത്തേക്ക് ഇപ്പോൾ അവർ പരിഗണിക്കുന്നത് വെസ്റ്റ്‌ ഹാം യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ലുക്കാസ് പക്കേറ്റയെയാണ്. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഈ ബ്രസീലിയൻ താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

പക്കേറ്റക്ക് വേണ്ടി സിറ്റി എഴുപതു മില്യൻ പൗണ്ടിന്റെ ഒരു ഓഫർ വെസ്റ്റ് ഹാമിന് നൽകിക്കഴിഞ്ഞു. എന്നാൽ വെസ്റ്റ് ഹാം ഇത് സ്വീകരിച്ചിട്ടില്ല. സിറ്റി ഈ ക്ലബ്ബുമായി ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. താരത്തെ സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സിറ്റിക്ക് അറിയാമെങ്കിലും അവർ ശ്രമങ്ങൾ തുടർന്നേക്കുമെന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പരിശീലകനായ പെപ്പിന് വളരെയധികം താല്പര്യമുള്ള താരമാണ് പക്കേറ്റ. നേരത്തെയും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വേണ്ടി ഈ പരിശീലകൻ ശ്രമങ്ങൾ നടത്തിയിരുന്നു.വെസ്റ്റ്‌ ഹാം യുണൈറ്റഡ് അത്ര വേഗത്തിലൊന്നും താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ല. ക്ലബ്ബിനെ പ്രശ്നത്തിലാക്കാൻ പക്കേറ്റയും ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. 2022ലായിരുന്നു ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ ലിയോണിൽ നിന്നും വെസ്റ്റ് ഹാമിൽ എത്തിയത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി 42 മത്സരങ്ങൾ കളിച്ച ഈ താരം 9 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *