ക്ലോപിനെ സ്വപ്നം കണ്ട് ലാപോർട്ട!

ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് തന്റെ സിംഹാസനം ഒഴിയുകയാണ്.ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങുകയാണ് എന്നുള്ള കാര്യം ക്ലോപ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലിവർപൂൾ ആരാധകർക്ക് വളരെയധികം ഷോക്കിങ്ങായ വാർത്ത തന്നെയായിരുന്നു ഇത്. 2015 മുതൽ ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് തുടരുന്ന വ്യക്തിയാണ് യുർഗൻ ക്ലോപ്.

വളരെ പരിതാപകരമായ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ലിവർപൂളിന് ഇന്ന് ഈ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത് യുർഗൻ ക്ലോപാണ്. ദീർഘകാലത്തിനുശേഷം പ്രീമിയർ ലീഗ് കിരീടം ക്ലബ്ബിന് നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടവും ലിവർപൂൾ ഈ പരിശീലകന്റെ കീഴിൽ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ പ്രധാനപ്പെട്ട കിരീടങ്ങൾ എല്ലാം ലിവർപൂൾ തങ്ങളുടെ ഷെൽഫിൽ എത്തിച്ചിട്ടുണ്ട്.ക്ലോപിന്റെ അഭാവം തീർച്ചയായും അവർക്ക് തിരിച്ചടി തന്നെയായിരിക്കും.

അതേസമയം സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ ചാവിക്ക് കീഴിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ അവർ ട്രോഫിലെസ് ആവാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെയാണെങ്കിൽ തനിക്ക് പരിശീലക സ്ഥാനം ഒഴിയേണ്ടി വരുമെന്ന് ചാവി പറഞ്ഞിരുന്നു. അതായത് ഈ സീസണിന് ശേഷം ഒരു പുതിയ പരിശീലകനെ മിക്കവാറും ബാഴ്സലോണക്ക് ആവശ്യമായി വരും. ആ സ്ഥാനത്തേക്ക് ഇപ്പോൾതന്നെ ലാപോർട്ട ക്ലോപിനെ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്.

പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതായത് ലാപോർട്ട ക്ലോപിനെ സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ ക്ലോപ് തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല.അദ്ദേഹത്തിന്റെ പ്ലാനുകൾ എന്താകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *