ക്ലബ് വിടാം,പക്ഷേ..: റൊണാൾഡോക്ക് മുന്നിൽ നിബന്ധനയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്!
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. തനിക്ക് ക്ലബ്ബ് വിടാൻ ആഗ്രഹമുണ്ട് എന്നുള്ളത് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചിട്ട് ദിവസങ്ങൾ ഏറെയായി.എന്നാൽ ക്ലബ്ബ് വിട്ട് പോവാൻ അനുവദിക്കില്ല എന്നുള്ളതായിരുന്നു ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പരിശീലകനായ എറിക്ക് ടെൻഹാഗിന്റെയും നിലപാട്.
എന്നാൽ ഈ ഒരു നിലപാടിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അയവ് വരുത്തിയിട്ടുണ്ട്. അതായത് റൊണാൾഡോയെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ യുണൈറ്റഡ് അനുവദിക്കും. പക്ഷേ ഒരു നിബന്ധനയുണ്ട്. അതായത് റൊണാൾഡോ യുണൈറ്റഡുമായുള്ള തന്റെ കരാർ 2024 വരെ പുതുക്കണം. എന്നിട്ട് ഈ ട്രാൻസ്ഫർ ജാലകത്തിൽ ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും ക്ലബ്ബിനുവേണ്ടി കളിക്കാം. ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് വെക്കുന്ന നിബന്ധന. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) July 25, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസിനെയാണ് ഈ നിബന്ധന അറിയിച്ചിരിക്കുന്നത്. റൊണാൾഡോയും താരത്തിന്റെ ഏജന്റും ഈ നിബന്ധന അറിഞ്ഞ് ആശ്ചര്യപ്പെട്ടുവെന്നും മാർക്ക കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ ഈയൊരു കണ്ടീഷൻ ഇതുവരെ റൊണാൾഡോ തള്ളിക്കളഞ്ഞിട്ടില്ല. ഇത് സ്വീകരിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നും മാർക്ക വിലയിരുത്തുന്നുണ്ട്.
റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഇല്ലാത്തതിനാൽ റൊണാൾഡോക്ക് ക്ലബ് വിട്ടേ മതിയാവും. അതുകൊണ്ടുതന്നെ ഈ വരുന്ന സീസണിൽ റൊണാൾഡോയെ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിന് ലോൺ അടിസ്ഥാനത്തിൽ കൈമാറി അടുത്ത സീസണിൽ തിരികെ എത്തിക്കാനാണ് യുണൈറ്റഡിന്റെ പദ്ധതി. വരുന്ന സീസണിൽ ടോപ് ഫോറിൽ ഇടം പിടിച്ചുകൊണ്ട് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയുമെന്നുള്ള പ്രത്യാശയും യുണൈറ്റഡിനുണ്ട്.ഏതായാലും ഈ വിഷയത്തിൽ റൊണാൾഡോ ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.