ക്രിസ്റ്റ്യാനോ വന്നതോടെ ബ്രൂണോ ഫോമൗട്ടായി : വിമർശനവുമായി മുൻ യുണൈറ്റഡ് സ്ട്രൈക്കർ!

കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി തകർപ്പൻ ഫോമിൽ കളിച്ച താരമാണ് ബ്രൂണോ ഫെർണാണ്ടസ്.28 ഗോളുകളും 17 അസിസ്റ്റുകളുമായിരുന്നു കഴിഞ്ഞ സീസണിൽ ബ്രൂണോ ഫെർണാണ്ടസ് ആകെ നേടിയത്. എന്നാൽ ഈ സീസണിൽ താരം നിറം മങ്ങുകയായിരുന്നു. ഇതുവരെ 5 ഗോളുകളും 9 അസിസ്റ്റുകളും മാത്രമാണ് ബ്രൂണോക്ക് നേടാൻ സാധിച്ചിട്ടുള്ളത്.യുണൈറ്റഡിന്റെ പ്രകടനവും ഈ സീസണിൽ മോശമാണ്.

ഏതായാലും ബ്രൂണോ ഫെർണാണ്ടസിന്റെ ഈ ഫോമൗട്ടിന് കാരണം അത് ക്രിസ്റ്റ്യാനോ തിരിച്ചു വന്നതാണ് എന്ന ആരോപണമുയർത്തിയിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്ട്രൈക്കറായ ആൻഡി കോൾ.കഴിഞ്ഞ മത്സരത്തിൽ ബ്രൂണോ നഷ്ടമാക്കിയ ഗോളവസരത്തേയും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കോളിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വോൾവ്‌സിനെതിരെയുള്ള മത്സരത്തിൽ വളരെ ലളിതമായ ഒരു ഗോളവസരം ബ്രൂണോക്ക് ലഭിച്ചു. അദ്ദേഹത്തിന് അത് ഗോൾ നേടാമായിരുന്നു.പക്ഷേ അത് അദ്ദേഹം പാഴാക്കി. എനിക്കിപ്പോൾ ഇതൊക്കെ ഒരു തമാശയായാണ് അനുഭവപ്പെടുന്നത്.കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടു കൂടി ബ്രൂണോയുടെ മൊത്തം പ്രകടനവും മാറുകയായിരുന്നു. ഞാൻ ഈ സീസണിൽ അദ്ദേഹത്തെ നിരീക്ഷിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ വന്നതോട് കൂടി കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ബ്രൂണോ ഫെർണാണ്ടസിനെ നമുക്ക് കാണാൻ സാധിച്ചിട്ടില്ല. വളരെയധികം ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം. റൊണാൾഡോ ടീമിൽ ഉള്ളതുകൊണ്ട് അദ്ദേഹം ആശങ്കപ്പെടേണ്ട കാര്യമില്ല.കാരണം രണ്ട് പേരും ഒരേ ലക്ഷ്യമുള്ള ക്വാളിറ്റി താരങ്ങളാണ്.പക്ഷേ ബ്രൂണോ ഫോമൗട്ടായത് റൊണാൾഡോ വന്നതോടു കൂടിയാണ് ” ഇതാണ് ആന്റി കോൾ പറഞ്ഞത്.

ഈ സീസണിൽ ക്രിസ്റ്റ്യാനോ മോശമല്ലാത്ത രൂപത്തിൽ കളിച്ചു കൊണ്ടിരിക്കുന്നു.14 ഗോളുകൾ നേടിയ റൊണാൾഡോയാണ് നിലവിൽ ഈ സീസണിൽ യുണൈറ്റഡിന്റെ ടോപ്സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *