ക്രിസ്റ്റ്യാനോ ആഗ്രഹിച്ചത് അദ്ദേഹത്തിന് ലഭിച്ചു :റൂണി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടി വന്ന രീതി വളരെയധികം പരിതാപകരമായിരുന്നു. ക്ലബ്ബിനെതിരെ പരസ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.ഇതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കാൻ യുണൈറ്റഡ് തീരുമാനിച്ചു. അതിന് ശേഷമാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.

ക്രിസ്റ്റ്യാനോയെ കുറിച്ച് ഇപ്പോൾ അദ്ദേഹത്തിന്റെ മുൻ സഹതാരമായിരുന്ന വെയിൻ റൂണി സംസാരിച്ചിട്ടുണ്ട്. യുണൈറ്റഡ് വിടാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നുവെന്നും അത് അദ്ദേഹത്തിന് ലഭിച്ചു എന്നുമാണ് റൂണി പറഞ്ഞത്. റൊണാൾഡോ യുണൈറ്റഡ് വിട്ടരീതി മോശമായിരുന്നുവെന്നും പക്ഷേ അത് അദ്ദേഹത്തിന്റെ ക്ലബ്ബിലെ ലെഗസിയെ ബാധിക്കില്ല എന്നും റൂണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ നിന്നും പുറത്ത് പോകാൻ ആഗ്രഹിച്ചിരുന്നു.അതാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചത് എന്നാണ് ഞാൻ കരുതുന്നത്. യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കുന്ന താരങ്ങളെ മാത്രം വെച്ചുകൊണ്ട് ക്ലബ്ബ് മുന്നോട്ട് പോവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തിട്ടുള്ള കാര്യങ്ങൾ വളരെ മികച്ചതാണ്.പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. ഒരുപാട് ഗോളുകളും ക്ലബ്ബിനുവേണ്ടി നേടി. തീർച്ചയായും ആരാധകരും സഹതാരങ്ങളും മുൻ താരങ്ങളുമൊന്നും അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കുകയില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും യുണൈറ്റഡ് ഇതിഹാസമാണ്. പക്ഷേ അദ്ദേഹത്തിന്റെ യുണൈറ്റഡ് കരിയർ അവസാനിച്ച രീതി നാണക്കേട് ഉണ്ടാക്കുന്നതാണ്.പക്ഷേ അതുമൂലം ക്ലബ്ബിലെ അദ്ദേഹത്തിന്റെ ലഗസി എങ്ങോട്ടും പോകുന്നില്ല “റൂണി പറഞ്ഞു.

ഒരുപാട് കാലം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചവരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയ്ൻ റൂണിയും. എന്നാൽ സമീപകാലത്ത് ക്രിസ്റ്റ്യാനോക്കെതിരെ റൂണി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!