ക്രിസ്റ്റ്യാനോയോട് യുണൈറ്റഡ് കൂടുതൽ ബഹുമാനം കാണിക്കണമായിരുന്നു:പിന്തുണയുമായി ബെർബറ്റോവ്.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടിവന്നത്. പിയേഴ്സ് മോർഗ്ഗനുമായി നടത്തിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പരിശീലകനായ എറിക്ക് ടെൻ ഹാഗിനേയും റൊണാൾഡോ പരസ്യമായി വിമർശിക്കുകയായിരുന്നു. ക്ലബ്ബിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനായിരുന്നു റൊണാൾഡോ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്.

ഏതായാലും റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞുവിട്ട കാര്യത്തിൽ യുണൈറ്റഡ് ഇതിഹാസമായ ദിമിത്രി ബെർബറ്റോവ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരല്പം കൂടി ബഹുമാനം കാണിക്കാമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോക്കും യുണൈറ്റഡിനുമിടയിൽ തെറ്റിദ്ധാരണയാണ് സംഭവിച്ചതെന്നും ബെർബറ്റോവ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതൊരു മിസ്റ്റേക്ക് ആയിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. ആദ്യ സീസണിൽ ഒരുപാട് ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. എനിക്ക് തോന്നുന്നത് ആശയവിനിമയത്തിന്റെ അഭാവവും തെറ്റിദ്ധാരണയുമാണ് സംഭവിച്ചിട്ടുള്ളത്. മാത്രമല്ല രണ്ടുപേരും പരസ്പരം ബഹുമാനം കാണിച്ചതുമില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നുള്ളത് ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാണ്.അദ്ദേഹത്തോട് യുണൈറ്റഡ് ഒരല്പം കൂടി ബഹുമാനം കാണിക്കേണ്ടിയിരുന്നു.സ്ഥിരമായി അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ കളിപ്പിക്കാതെ എന്നുള്ളതിന് വ്യക്തമായ വിശദീകരണം നൽകണമായിരുന്നു.റൊണാൾഡോ ഒരു സ്പെഷ്യലാണ്,അതുകൊണ്ടുതന്നെ ഒരു സ്പെഷ്യൽ പരിഗണന അദ്ദേഹത്തിന് നൽകണമായിരുന്നു. ഇത്തരത്തിലുള്ള താരങ്ങളോട് ആവശ്യത്തിനുള്ള ബഹുമാനം കാണിച്ചിട്ടില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും ” ഇതാണ് റൊണാൾഡോയുടെ മുൻ സഹതാരം കൂടിയായ ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ പിന്നീട് സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിലേക്കാണ് എത്തിയത്.തുടക്കത്തിൽ മികച്ച പ്രകടനം നടത്താൻ റൊണാൾഡോ കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് അദ്ദേഹത്തിന്റെയും ക്ലബ്ബിന്റെയും പ്രകടനം താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *