ക്രിസ്റ്റ്യാനോയെ പെപ് ഗ്വാർഡിയോള ഭയക്കണോ? കണക്കുകൾ ഇങ്ങനെ!

12 വർഷത്തെ ഇടവേളക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയിരുന്നു.2003 മുതൽ 2009 വരെ യുണൈറ്റഡിലെ നിറസാന്നിധ്യമായിരുന്നു റൊണാൾഡോ.അക്കാലയളവിൽ നിരവധി കിരീടങ്ങൾ നേടാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുണൈറ്റഡിന് അത്ര നല്ല കാലമല്ല. എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയാവട്ടെ വമ്പൻ ശക്തികളായി വളരുകയും ചെയ്തു.റൊണാൾഡോയുടെ വരവോടെ ടീം കൂടുതൽ ശക്തി കൈവരിക്കുമെന്ന് തന്നെയാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ ടീമുകൾക്കെതിരെ വലിയ കണക്കുകൾ ഒന്നും തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ അവകാശപ്പെടാനില്ല എന്നുള്ളത് ഒരല്പം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇതുവരെ 16 തവണയാണ് ക്രിസ്റ്റ്യാനോ പെപ്പിന്റെ ടീമിനെതിരെ ബൂട്ടണിഞ്ഞിട്ടുള്ളത്.കേവലം നാല് മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോക്ക്‌ പെപ്പിനെതിരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്.എട്ട് മത്സരങ്ങളിൽ റൊണാൾഡോയുടെ ടീം പരാജയപ്പെടുകയായിരുന്നു.4 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.ഈ മത്സരങ്ങളിൽ നിന്നായി 7 ഗോളുകളാണ് റൊണാൾഡോക്ക്‌ നേടാൻ സാധിച്ചിട്ടുള്ളത്.

2008/09 ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് റൊണാൾഡോയും പെപ്പും ആദ്യമായി മുഖാമുഖം വരുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പരാജയപ്പെടുത്തി കൊണ്ട് ബാഴ്‌സ കിരീടം ചൂടുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനമായി പെപ്പിനെ നേരിട്ടത് 2013/14 ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിലായിരുന്നു. പക്ഷേ അന്ന് പെപ്പിന് ക്രിസ്റ്റ്യാനോയിൽ നിന്നും പ്രഹരമേറ്റു.റൊണാൾഡോ നേടിയ ഇരട്ടഗോൾ മികവിൽ റയൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പെപ്പിന്റെ ബയേണിനെ തകർത്തു വിട്ടത്.

ഏതായാലും ഈ സീസണിൽ ഇനി പെപ്പും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്നുണ്ട്. ഇനി കണക്കുകൾ ആർക്കൊപ്പമായിരിക്കുമെന്നാണ് ആരാധകർക്ക്‌ അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *