ക്രിസ്റ്റ്യാനോയും എമി മാർട്ടിനെസും ഒരുമിക്കുമോ? റൂമറുകൾ സജീവം!

കഴിഞ്ഞ സെപ്റ്റംബർ 25-ആം തിയ്യതി ഓൾഡ് ട്രാഫോഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് Vs ആസ്റ്റൺ വില്ല മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ വഴിയുണ്ടാവില്ല. മത്സരത്തിൽ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസായിരുന്നു എടുക്കാൻ വന്നത്. എന്നാൽ ആസ്റ്റൺ വില്ലയുടെ അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പെനാൽറ്റി എടുക്കാൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ ബ്രൂണോ തന്നെ പെനാൽറ്റി എടുക്കുകയും ആ പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരാധകരെ എമിലിയാനോ മാർട്ടിനെസ് ഡാൻസ് ചെയ്ത് പരിഹസിച്ചതും വലിയ രൂപത്തിൽ ശ്രദ്ധനേടിയിരുന്നു.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയും എമിലിയാനോ മാർട്ടിനെസും ഒരുമിച്ചേക്കുമെന്നുള്ള റൂമറുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എമിലിയാനോ മാർട്ടിനെസിനെ ടീമിലേക്കെത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്.ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാറിനെ ഉദ്ധരിച്ചുകൊണ്ട് അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുണൈറ്റഡിന്റെ രണ്ടാം ഗോൾകീപ്പറായ ഡീൻ ഹെന്റെഴ്സൺ അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ആ സ്ഥാനത്തേക്കാണ് എമിലിയാനോയെ ഇപ്പോൾ യുണൈറ്റഡ് പരിഗണിക്കുന്നത്. ഡേവിഡ് ഡിഹിയയുമായി സ്ഥാനത്തിന് വേണ്ടി ഒരു കോമ്പിറ്റീഷൻ ഉണ്ടാക്കിയെടുക്കുക എന്നാണ് ഇതുവഴി യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. പക്ഷേ ആസ്റ്റൺ വില്ല താരത്തെ കൈവിടുമോ എന്നുള്ള കാര്യം കണ്ടറിയണം. ഇനി അങ്ങനെയാണെങ്കിൽ തന്നെ 50 മില്യൺ യൂറോയോളം താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കേണ്ടി വരും.

മികച്ച ഫോമിലാണ് എമിലിയാനോ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 15 ക്ലീൻ ഷീറ്റുകൾ താരം നേടിയിട്ടുണ്ട്. കൂടാതെ അർജന്റീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കുന്നതിലും നിർണായകമായ പങ്കു വഹിക്കാൻ എമി മാർട്ടിനെസിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *