ക്രിസ്റ്റ്യാനോയാണോ സലായാണോ മികച്ചത്? മറുപടിയുമായി ക്ലോപും സോൾഷെയറും!

പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ് നാളെ അരങ്ങേറാനിരിക്കുന്നത്. ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലാണ് മാറ്റുരക്കുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്ക് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക.

ഈ മത്സരത്തിലെ പ്രധാന ശ്രദ്ദാകേന്ദ്രങ്ങൾ എന്നുള്ളത് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഹമ്മദ് സലായുമാണ്. ഇരുവരും മികച്ച ഫോമിലാണ് ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ഈ രണ്ട് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഇരു ടീമിന്റെയും പരിശീലകർക്ക്‌ നേരിടേണ്ടി വന്നിരുന്നു. ക്രിസ്റ്റ്യാനോയാണോ സലായാണോ മികച്ചത് എന്നായിരുന്നു ചോദ്യം. ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ഇതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്.

“എന്തിനാണ് നമ്മൾ ഇരുതാരങ്ങളെയും താരതമ്യം ചെയ്യുന്നത്? രണ്ട് പേരും വേൾഡ് ക്ലാസ് താരങ്ങളാണ്.സലായുടെ ലെഫ്റ്റ് ഫൂട്ട് മികച്ചതാണ്.അതേസമയം ക്രിസ്റ്റ്യാനോ വായുവിലും റൈറ്റ് ഫൂട്ടിന്റെ കാര്യത്തിലും മികവ് പുലർത്തുന്നു.സ്പീഡിന്റെ കാര്യമെടുത്താൽ രണ്ട് പേരും സമമാണ്. രണ്ട് പേരും ഗോളുകൾ നേടുന്നു.ഇരുവരെയും കൂടുതൽ താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല ” ഇതാണ് ക്ലോപ് പറഞ്ഞത്.

അതേസമയം യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയറും ഇരുതാരങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ” ഏത് കോമ്പിറ്റീഷനിലും ഞാൻ എപ്പോഴും ക്രിസ്റ്റ്യാനോക്കൊപ്പമായിരിക്കും.അദ്ദേഹം യുണീക്കായ ഒരു താരമാണ്. അദ്ദേഹത്തിന്റെ ഗോൾ സ്കോറിങ് റെക്കോർഡ് അത്ഭുതപ്പെടുത്തുന്നതാണ്.അതേസമയം സലാ നിലവിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഈയിടെ അദ്ദേഹം നേടിയ ചില ഗോളുകൾ നമ്മൾ എല്ലാവരും കണ്ടതാണ്.തീർച്ചയായും അദ്ദേഹത്തിനെതിരെ ഏറ്റവും മികച്ച ഡിഫൻഡിങ് തന്നെ പുറത്തെടുക്കേണ്ടി വരുമെന്ന് ഞങ്ങൾക്കറിയാം ” ഇതാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ലിവർപൂളിന് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടാൻ സലാക്ക്‌ സാധിച്ചിട്ടുണ്ട്. റൊണാൾഡോയാവട്ടെ 8 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും നേടി. ഇരുവരുടെയും പോരാട്ടത്തിൽ ആര് വിജയിക്കുമെന്നാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *