ക്രിസ്റ്റ്യാനോക്ക് പകരക്കാരനായി കൊണ്ട് ആ സൂപ്പർതാരത്തെ എത്രയും പെട്ടെന്ന് എത്തിക്കൂ : യുണൈറ്റഡിനോട് റിയോ ഫെർഡിനാന്റ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടപ്പെട്ടിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. യുണൈറ്റഡ് തന്നെ താരത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.അദ്ദേഹത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ യുണൈറ്റഡിന് കഴിയുന്നുണ്ട്. എന്നിരുന്നാലും ഒരു മികച്ച സ്ട്രൈക്കറെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്തേക്ക് യുണൈറ്റഡ് ഇപ്പോൾ ആവശ്യവുമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ടോട്ടൻഹാമിന്റെ സൂപ്പർതാരമായ ഹാരി കെയ്നിനെ വരുന്ന സമ്മറിൽ യുണൈറ്റഡ് നിർബന്ധമായും സ്വന്തമാക്കണമെന്നാണ് റിയോ പറഞ്ഞിട്ടുള്ളത്. ഒരു സീസണിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഗോളുകൾ ഹാരി കെയ്ൻ എന്തായാലും നൽകുമെന്നും റിയോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യമായി ഞാൻ ടോട്ടൻഹാം ആരാധകരോട് ക്ഷമ ചോദിക്കുന്നു. കാരണം അവർ കിരീടങ്ങൾ ഒന്നും നേടാൻ പോകുന്നില്ല.കെയ്ൻ അവിടെ തുടർന്നാൽ അദ്ദേഹത്തിന് കിരീടങ്ങൾ ഒന്നും ലഭിക്കാനും പോകുന്നില്ല. വരുന്ന സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിർബന്ധമായും കെയ്നിനെ സ്വന്തമാക്കണം.അദ്ദേഹത്തിന് വേണ്ടി പണം മുടക്കാൻ യുണൈറ്റഡ് തയ്യാറാവണം. നാലോ അഞ്ചോ വർഷത്തേക്ക് മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയും. ഓരോ സീസണിലും 20-25 ഗോളുകൾ അദ്ദേഹത്തിൽ നിന്നും ഉറപ്പാണ് ” ഇതാണ് റിയോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കെയ്ൻ കളിച്ചുകൊണ്ടിരിക്കുന്നത്. 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തിയിരുന്നുവെങ്കിലും അത് വിഫലമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *