കൊറിയക്കാരെ കാണാൻ എല്ലാവരെയും ഒരുപോലെയാണെന്ന വിവാദ പരാമർശം,സണ്ണിനോട് മാപ്പ് പറഞ്ഞ് സഹതാരം!
നിലവിൽ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഉറുഗ്വൻ ദേശീയ ടീം ഉള്ളത്.ആദ്യ മത്സരത്തിൽ പനാമയാണ് അവരുടെ എതിരാളികൾ. ഈ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിൽ തന്നെയാണ് അവരുടെ മധ്യനിരയിലെ സൂപ്പർതാരമായ റോഡ്രിഗോ ബെന്റാൻക്യൂറും ഉള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ താരം കൂടിയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം ഉറുഗ്വയിലെ ഒരു ടിവി ഷോയിൽ ബെന്റാൻക്യൂർ പങ്കെടുത്തിരുന്നു. അതിൽ അഭിമുഖം നടത്തിയിരുന്ന വ്യക്തി ടോട്ടൻഹാം നായകനായ സണ്ണിന്റെ ജേഴ്‌സി തനിക്ക് വാങ്ങി തരണമെന്ന് ബെന്റാൻക്യൂറിനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി വളരെ വിവാദമായിട്ടുണ്ട്. ഞാൻ വേണമെങ്കിൽ സണ്ണിന്റെ കസിന്റെ ജേഴ്സി വാങ്ങിത്തരാം, അവർ എല്ലാവരും ഒരുപോലെയാണ് എന്നായിരുന്നു ബെന്റാൻക്യൂർ പറഞ്ഞിരുന്നത്. അതായത് കൊറിയക്കാരെല്ലാം കാണാൻ ഒരുപോലെയാണ് എന്ന് തമാശരൂപേണ പറയുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.
അദ്ദേഹം തമാശയാണ് ഉദ്ദേശിച്ചതെങ്കിലും അത് കൊറിയക്കാരെ അധിക്ഷേപിക്കുന്ന ഒന്നായിരുന്നു. ഇത് വലിയ വിവാദമായി. ഇതിന് പിന്നാലെ സണ്ണിനോട് പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് ബെന്റാൻക്യൂർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്.
“സോണി ബ്രദർ. സംഭവിച്ച കാര്യത്തിൽ ഞാൻ നിന്നോട് മാപ്പ് പറയുന്നു.അതൊരു മോശം തമാശയായിരുന്നു.ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട് എന്നത് നിനക്ക് അറിയാമല്ലോ. ഞാൻ ഒരിക്കലും നിന്നെയോ മറ്റുള്ളവരായ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യില്ല. ഞാൻ നിന്നെ വളരെയധികം ഇഷ്ടപ്പെടുന്നു സഹോദരാ ” ഇതാണ് ബെന്റാൻക്യൂർ പറഞ്ഞിട്ടുള്ളത്.
പറഞ്ഞ തമാശയുടെ വ്യാപ്തി വളരെ വലുതാണെന്ന് മനസ്സിലാക്കിയ അദ്ദേഹം പരസ്യമായി തന്റെ സഹതാരത്തോട് മാപ്പ് പറയുകയായിരുന്നു. വംശീയപരമായ അധിക്ഷേപമാണ് ഈ തമാശയിലൂടെ അദ്ദേഹം കൊറിയക്കാർക്ക് നേരെ നടത്തിയിട്ടുള്ളത്.സൺ ഇതിനോട് ഇതുവരെ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. 2022 ൽ ആയിരുന്നു ഇദ്ദേഹം യുവന്റസ് വിട്ടു കൊണ്ട് ടോട്ടൻഹാമിൽ എത്തിയത്.