കെയ്നിനെ വേണമെന്ന് ഗ്വാർഡിയോളക്ക്‌ നിർബന്ധം, വിട്ടു നൽകാതെ ടോട്ടൻഹാം!

പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് അടിതെറ്റിയിരുന്നു. ടോട്ടൻഹാമായിരുന്നു ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റിയെ കീഴടക്കിയത്. മത്സരത്തിൽ സൂപ്പർ താരം ഹാരി കെയ്നിന്റെ അഭാവത്തിലും സിറ്റിയെ കീഴടക്കാനായി എന്നുള്ളത് സ്പർസിന് ആശ്വാസം നൽകുന്ന കാര്യമാണ്. അതേസമയം പെപ് ഗ്വാർഡിയോളയാവട്ടെ നിലവിൽ ഗോൾക്ഷാമം നേരിടുകയാണ്.സിറ്റി കളിച്ച അവസാന രണ്ട് മത്സരങ്ങളിലും ഒരൊറ്റ ഗോൾ പോലും നേടാൻ സിറ്റിക്ക് സാധിച്ചിരുന്നില്ല. എന്നാൽ മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നത് സിറ്റിയായിരുന്നു. ഒരു നല്ല നമ്പർ നയൻ സ്ട്രൈക്കറുടെ അഭാവമാണ് പെപ് ഗ്വാർഡിയോളക്ക്‌ തലവേദനയാവുന്നത്.

സ്റ്റെർലിങ്, ടോറസ്, മഹ്റസ്, ഗ്രീലിഷ്, ഗുണ്ടോകൻ എന്നിവരൊക്കെ അണിനിരന്നിട്ടും സിറ്റി ഒരൊറ്റ ഗോൾ പോലും നേടാനാവാതെ പോവുകയായിരുന്നു. ക്ലബ് വിട്ട സെർജിയോ അഗ്വേറോക്ക്‌ പകരക്കാരനെ എത്തിക്കാൻ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. അത്കൊണ്ടാണ് കെയ്നിനെ ടീമിൽ എത്തിക്കാൻ പെപ് ശ്രമങ്ങൾ നടത്തുന്നത്. പക്ഷേ അത് ഇതുവരെ ഫലം കണ്ടിട്ടില്ല.ടോട്ടൻഹാം താരത്തെ വിട്ടു നൽകാൻ ഒരുക്കമല്ല എന്ന് തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പർസിന്റെ ചെയർമാനായ ഡാനിയൽ ലെവിക്ക്‌ ഹാരി കെയ്നിനെ നിലനിർത്താനാണ് താല്പര്യം. എന്നാൽ കെയ്നിനാവട്ടെ സിറ്റിയിലേക്ക് ചേക്കേറുകയും വേണം. ഏതായാലും കെയ്നിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും സിറ്റി തുടരുകയാണ്. എന്തെന്നാൽ കെയ്നിനെ പോലെയുള്ള ഒരു ഗോൾ സ്‌കോററെയാണ് നിലവിൽ സിറ്റിക്ക് ഏറ്റവും കൂടുതൽ ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *