കെയ്നിനെ വിളിച്ച് പോച്ചെട്ടിനോ, താരം പിഎസ്ജിയിലേക്ക്?
ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ തന്റെ ഭാവി ഇപ്പോഴും തീരുമാനിച്ചിട്ടില്ല. താരത്തിന് ടോട്ടൻഹാമുമായി മൂന്ന് വർഷത്തെ കരാർ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും നിലവിലെ ടോട്ടൻഹാമിന്റെ അവസ്ഥയിൽ താരം തൃപ്തനല്ല. ഈ സീസണിന്റെ അവസാനത്തിൽ തീരുമാനം കൈക്കൊള്ളും എന്ന നിലപാടാണ് നിലവിൽ ഹാരി കെയ്ൻ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ടിഎഫ് 1. നിലവിൽ പിഎസ്ജിയുടെ പരിശീലകനും മുമ്പ് ടോട്ടൻഹാമിന്റെ പരിശീലകനുമായ മൗറിസിയോ പോച്ചെട്ടിനോ ഹാരി കെയ്നിനെ ഫോണിൽ വിളിച്ചതായാണ് റിപ്പോർട്ടുകൾ. താരത്തിന്റെ തീരുമാനങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ വേണ്ടിയാണ് പോച്ചെട്ടിനോ കെയ്നിനെ വിളിച്ചിട്ടുള്ളത്. താരത്തെ ടീമിലെത്തിക്കാൻ പോച്ചെട്ടിനോക്ക് താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമാണ്.
Mauricio Pochettino ‘personally calls Harry Kane’ to enquire about summer transfer from Tottenham https://t.co/9Q1FrSiGEs
— The Sun Football ⚽ (@TheSunFootball) April 11, 2021
2019-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാൻ പോച്ചെട്ടിനോയുടെ ടോട്ടൻഹാമിന് സാധിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെയ്നിനെ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് മുതൽകൂട്ടാവുമെന്നാണ് പോച്ചെട്ടിനോ വിശ്വസിക്കുന്നത്. മാത്രമല്ല സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറും കരാർ പുതുക്കിയിട്ടില്ല. ഇരുവരും ക്ലബ് വിടാനുള്ള സാധ്യതകളും നിലവിലുണ്ട്. അത്കൊണ്ട് തന്നെ അവർക്ക് പകരമായാണ് കെയ്നിനെ പോച്ചെട്ടിനോ പരിഗണിക്കുന്നത്. ഏതായാലും തീരുമാനമെടുക്കേണ്ടത് ഹാരി കെയ്ൻ ആണ്. ടോട്ടെൻഹാമിൽ കിരീടങ്ങൾ ലഭിക്കാത്തതിനാലും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധിക്കാത്തതിനാലും താരം അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ടുകൾ.