കൂട്ടീഞ്ഞോയെ വിൽക്കാൻ തിരക്കുകൂട്ടി ബാഴ്സ, എന്ത് ചെയ്യണമെന്നറിയാതെ താരം

ലിവർപൂൾ വിട്ട അന്ന് മുതൽ തുടങ്ങിയതാണ് ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെ കഷ്ടകാലമെന്ന് പരസ്യമായ രഹസ്യമാണ്. വമ്പൻ തുകക്ക് ബാഴ്സയിലെത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല എന്ന് മാത്രമല്ല ബാഴ്സയുടെ കളി ശൈലിയോട് യോജിച്ചു പോവാൻ താരത്തിന് കഴിഞ്ഞതുമില്ല. ഇതോടെ താരത്തെ ബയേണിന് ലോണാടിസ്ഥാനത്തിൽ ബാഴ്സ നൽകുകയായിരുന്നു. എന്നാൽ തന്റെ പ്രതാപകാലത്തെ പ്രകടനത്തിലേക്ക് തിരിച്ചു വരാൻ താരത്തിന് കഴിഞ്ഞതുമില്ല. ഫലമായി ഈ വർഷം താരത്തിന്റെ ലോൺ അവസാനിക്കുന്നതോടെ മറ്റൊരു തട്ടകം തേടുകയാണ് താരം. എന്നാൽ കൂട്ടീഞ്ഞോയെ വിൽക്കാൻ നിലവിൽ ഏറ്റവും കൂടുതൽ തിടുക്കം കാണിക്കുന്നത് ബാഴ്സയാണ്. ജൂൺ മുപ്പതിന് മുൻപ് താരത്തെ പെർമെനന്റ് ഡീലിൽ ഏതെങ്കിലും ക്ലബിന് കൈമാറണം എന്നാണ് ബാഴ്സ ആഗ്രഹിക്കുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എല്ലാം ഫലം കാണാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ജൂൺ മുപ്പതിന് മുൻപായി തങ്ങളുടെ വാർഷികഅക്കൗണ്ടുകൾ ബാലൻസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്സ കൂട്ടീഞ്ഞോയെ വിൽക്കാൻ തിരക്കുക്കൂട്ടുന്നത്. എഴുപത് മില്യൺ യുറോയെങ്കിലും ലഭിക്കണം എന്നാണ് ബാഴ്സയുടെ നിലപാട്. ആദ്യം 90 മില്യൺ യുറോയായിരുന്നു താരത്തിന് വേണ്ടി ബാഴ്സ ആവിശ്യപ്പെട്ടിരുന്നത്. ചെൽസി, ന്യൂകാസിൽ, ടോട്ടൻഹാം എന്നീ ടീമുകൾ എല്ലാം തന്നെ താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പിന്നീട് താരത്തിന്റെ വില എഴുപത് മില്യണായി കുറക്കാൻ ബാഴ്‌സ നിർബന്ധിതരാവുകയായിരുന്നു. കൂടാതെ സ്വാപ് ഡീലിന് വേണ്ടിയും ബാഴ്സ തയ്യാറാണ്. പക്ഷെ നേരിടുന്ന പ്രധാനപ്രശ്നം എന്തെന്നാൽ താരത്തിന്റെ സാലറി തന്നെയാണ്. ഈ ക്ലബുകൾക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള സാലറിയാണ് കൂട്ടീഞ്ഞോക്കുള്ളത്. അത്കൊണ്ട് തന്നെ ഈ ടീമുകൾ ഒക്കെ തന്നെയും പെർമെനന്റ് ഡീലിന് വിമുഖത കാണിക്കുകയും പകരം ലോണിന് താല്പര്യം പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ബാഴ്സ ഒരുക്കവുമല്ല. ഇതോടെ താരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൂട്ടീഞ്ഞോയെ കൂടാതെ ടോഡിബൊയെയും വിൽക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. 25 മില്യൺ എങ്കിലും താരത്തിന് വേണ്ടി ലഭിക്കണമെന്ന് നിലപാടിലാണ് ബാഴ്സ.

Leave a Reply

Your email address will not be published. Required fields are marked *