കൂട്ടീഞ്ഞോക്ക് വേണ്ടി ന്യൂകാസിൽ വീണ്ടും രംഗത്ത്?

ബാഴ്‌സയുടെ ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെ ഭാവി ഇപ്പോഴും തുലാസിലാണ്. ഈ സീസണോടെ താരത്തിന്റെ ബയേൺ മ്യൂണിക്കിലുള്ള ലോൺ കാലാവധി അവസാനിക്കുകയാണ്. താരത്തിനെ നിലനിർത്താൻ താല്പര്യമില്ലെന്ന് ബയേൺ ഡയറക്ടർ അറിയിച്ചതോടെ കൂട്ടീഞ്ഞോക്ക് ബയേൺ വിടേണ്ടി വരുമെന്ന് ഉറപ്പാവുകയായിരുന്നു. എന്നാൽ കൂട്ടീഞ്ഞോയുടെ ക്ലബായ ബാഴ്സയ്ക്കും താരത്തെ നിലനിർത്താൻ താല്പര്യമില്ല. അത്കൊണ്ട് തന്നെ പുതിയ തട്ടകം തേടാനുള്ള ഒരുക്കത്തിലാണ് കൂട്ടീഞ്ഞോ. താരം പ്രീമിയർ ലീഗിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളാണ് കൂടുതൽ. തന്റെ പഴയ ക്ലബായ ലിവർപൂളിലേക്ക് മടങ്ങുമെന്നും, അതല്ല ചെൽസി, ടോട്ടൻഹാം എന്നീ ക്ലബുകൾ ഒക്കെ തന്നെയും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത് വന്നിരിക്കുകയാണ്. മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പുതുതായി അത് കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.

പ്രശസ്ത മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആണ് ന്യൂകാസിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ പുനരാരംഭിച്ച വാർത്തകൾ പുറത്തുവിട്ടത്. ന്യൂകാസിലിന്റെ പുതിയ ഉടമസ്ഥരാണ് വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പണമെറിഞ്ഞ് മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതിലൊരാളാണ് കൂട്ടീഞ്ഞോ എന്നാണ് വാർത്തകൾ. കൂട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള നിയമതടസ്സങ്ങളൊക്കെ തന്നെയും മാറി അനുമതി ലഭിച്ചു എന്നും ഫ്രാൻസ് ഫുട്ബോൾ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉടമസ്ഥതയെ സംബന്ധിച്ച് ന്യൂകാസിലിന് ഇപ്പോഴും ചില സാമ്പത്തികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടാണ് കൂടുതൽ വ്യക്തതകൾ കൈവരാത്തത്. 2018-ൽ ജനുവരിയിലായിരുന്നു കൂട്ടീഞ്ഞോ ബാഴ്സയിൽ എത്തിയത്. ബാഴ്സയിൽ തിളങ്ങാനാവാതെ വന്ന കൂട്ടീഞ്ഞോ ബയേണിലേക്ക് ചേക്കേറിയെങ്കിലും അവിടെയും രക്ഷ കണ്ടെത്താനായില്ല. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതോടെ താരത്തിന് പഴയ പ്രഭാവം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *