കുടുംബത്തെ വലിച്ചിഴച്ചു,വധഭീഷണി ലഭിച്ചു : ലിവർപൂൾ ആരാധകർക്കെതിരെ പ്രതികരിച്ച് ആൻഡേഴ്സൺ!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് വീണ്ടും സമനില വഴങ്ങേണ്ടി വന്നിരുന്നു. ക്രിസ്റ്റൽ പാലസാണ് ലിവർപൂളിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ സൂപ്പർ താരം ഡാർവിൻ നുനസ് റെഡ് കാർഡ് കണ്ട് പുറത്ത് പോയത് ലിവർപൂളിന് തിരിച്ചടിയാവുകയായിരുന്നു.
ക്രിസ്റ്റൽ പാലസിന്റെ പ്രതിരോധനിര താരമായ ആൻഡേഴ്സനെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയതിനായിരുന്നു നുനസിന് റെഡ് കാർഡ് ലഭിച്ചത്. മത്സരത്തിൽ നുനസിനെ ആൻഡേഴ്സൺ വിടാതെ പിന്തുടർന്നിരുന്നു. ഇതായിരുന്നു നുനസിനെ പ്രകോപിപ്പിച്ചിരുന്നത്. എന്നാൽ ചെയ്തത് തെറ്റാണ് എന്നുള്ളത് നുനസും പരിശീലകനായ ക്ലോപും തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
പക്ഷേ ലിവർപൂളിന്റെ ആരാധകർ ആൻഡേഴ്സനെതിരെ വ്യാപക പ്രതിഷേധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തിയിരുന്നു. മാത്രമല്ല താരവും താരത്തിന്റെ കുടുംബവും സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുമുണ്ട്. തനിക്ക് വധഭീഷണി വരെ ലഭിച്ചു എന്നുള്ള കാര്യം ആൻഡേഴ്സൺ പങ്കുവെച്ചിട്ടുണ്ട്. ഒരു വ്യക്തി അയച്ച ‘i will kill you ‘ എന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അതിനെതിരെ ആൻഡേഴ്സൺ കുറിച്ചത് ഇങ്ങനെയാണ്.
Anderson provoking Nunez throughout the game
— Frank Darkwah (@Blaqqkoffi) August 16, 2022
Perhaps got an info Nunez is Suarez’s countryman and got temper issues….LOL pic.twitter.com/UEhko6JQvZ
” എനിക്ക് 400 ഓളം മെസ്സേജുകളാണ് കഴിഞ്ഞ രാത്രി ഇൻസ്റ്റഗ്രാമിൽ ലഭിച്ചിട്ടുള്ളത്.നിങ്ങൾ ഒരു ടീമിന്റെ ആരാധകരാണ് എന്നുള്ളത് എനിക്ക് മനസ്സിലായിട്ടുണ്ട്. പക്ഷേ നിങ്ങൾ കുറച്ച് ബഹുമാനം പുലർത്തേണ്ടതുണ്ട്. ഓൺലൈനിൽ ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങൾ അവസാനിപ്പിക്കൂ. ഈ വിഷയത്തിൽ പ്രീമിയർ ലീഗും ഇൻസ്റ്റഗ്രാമും എന്തെങ്കിലും നടപടികൾ കൈക്കൊള്ളൂമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ആന്റേഴ്സൺ എഴുതിയിട്ടുള്ളത്.
ഏതായാലും റെഡ് കാർഡ് ലഭിച്ചതോടുകൂടി നുനസിന് വിലക്ക് വീണിട്ടുണ്ട്.പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ നുനസിന് സാധിച്ചേക്കില്ല.