കിരീടവരൾച്ചക്ക് വിരാമമിട്ട് യുണൈറ്റഡ്,മാഴ്സെയോട് പകവീട്ടി മെസ്സിയും എംബപ്പേയും.

ഇന്നലെ കരബാവോ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി കിരീടം നേടാൻ യുണൈറ്റഡിന് സാധിച്ചു. ഏകദേശം 6 വർഷത്തെ കിരീട വരൾച്ചക്കാണ് ഇപ്പോൾ ടെൻ ഹാഗ് വിരാമം ഇട്ടിരിക്കുന്നത്.

മത്സരത്തിന്റെ 33ആം മിനുട്ടിലാണ് കാസമിറോയുടെ ഗോൾ പിറന്നത്.ലൂക്ക് ഷോയുടെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെയാണ് കാസമിറോ ഗോൾ നേടിയത്. അതിനുശേഷം മാർക്കസ് റാഷ്ഫോർഡ് നടത്തിയ മുന്നേറ്റമാണ് രണ്ടാം ഗോളിൽ കലാശിച്ചത്. ഓൺ ഗോളായി കൊണ്ടാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും പരിശീലകനായി എത്തിയ വർഷം തന്നെ കിരീടം നേടാൻ കഴിഞ്ഞത് ടെൻ ഹാഗിന് സന്തോഷം നൽകുന്ന കാര്യമാണ്.

അതേസമയം ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി തങ്ങളുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി വിജയം നേടിയിട്ടുള്ളത്. ഫ്രഞ്ച് കപ്പിൽ ഏറ്റ പരാജയത്തിന് പക വീട്ടാനും ഇതോടുകൂടി പിഎസ്ജിക്ക് സാധിച്ചു. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ടീമിന്റെ ഹീറോ ആയത്.

മത്സരത്തിന്റെ 25ആം മിനുട്ടിൽ എംബപ്പേയാണ് മെസ്സിയുടെ അസിസ്റ്റിൽ നിന്നും ഗോൾ നേടിയത്. നാല് മിനിട്ടിനു ശേഷം ലയണൽ മെസ്സിയുടെ ഗോൾ പിറന്നു.എംബപ്പേയാണ് അസിസ്റ്റ് സ്വന്തമാക്കിയത്.55ആം മിനുട്ടിൽ എംബപ്പേ വീണ്ടും ഗോൾ കണ്ടെത്തി. അസിസ്റ്റ് നൽകിയത് പതിവുപോലെ മെസ്സി തന്നെ. ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ മാഴ്സെയെക്കാൾ 8 പോയിന്റ് ലീഡ് ഇപ്പോൾ പിഎസ്ജിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *