കാസമിറോ സൗദിയിലേക്ക്? പകരം പോർച്ചുഗീസ് താരത്തെ ലക്ഷ്യമിട്ട് യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് ഇത് നല്ല സമയമല്ല. ഈ സീസണിൽ പലപ്പോഴും മോശം പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ പിഴവിൽ നിന്നും മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ കാസമിറോക്ക് ഏൽക്കേണ്ടി വന്നിരുന്നു.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ കാസമിറോക്ക് ഇപ്പോൾ പ്ലാനുകൾ ഉണ്ട്.അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകും എന്നുള്ള റൂമറുകൾ സജീവമാണ്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റുമായി ബന്ധപ്പെടുത്തിക്കൊണ്ട് റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അൽ നസ്ർ ഇപ്പോൾ താരത്തെ പരിഗണിക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.യുവതാരങ്ങളെ എത്തിക്കുന്നതിനാണ് അവർ മുൻഗണന നൽകുന്നത്.

മറ്റേതെങ്കിലും സൗദി ക്ലബ്ബിലേക്ക് പോകാനായിരിക്കും കാസമിറോ ശ്രമിക്കുക.ഏതായാലും വരുന്ന സമ്മറിൽ അദ്ദേഹം യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. താരത്തിന് പകരം മറ്റൊരു ഡിഫൻസീവ് മിഡ്‌ഫീൽഡറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കണ്ടുവെച്ചിട്ടുണ്ട്.ബെൻഫിക്കയുടെ പോർച്ചുഗീസ് താരമായ ജോവോ നെവസിനെ എത്തിക്കാനാണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. പോർച്ചുഗലിലെ റെക്കോർഡ് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താരത്തിന് വേണ്ടി വലിയ തുക മാഞ്ചസ്റ്റർ യുണൈറ്റഡ് ചിലവഴിക്കേണ്ടി വന്നേക്കാം. ചുരുങ്ങിയത് 100 മില്യൺ യൂറോയെങ്കിലും നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനം അദ്ദേഹം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. 19 വയസ്സ് മാത്രമുള്ള ഈ താരം പോർച്ചുഗീസ് ലീഗിൽ 31 മത്സരങ്ങൾ കളിച്ചു കഴിഞ്ഞിട്ടുണ്ട്.താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിന് അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *