കാസമിറോ മികച്ച താരമല്ല,റയലിൽ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു: മുൻ ലിവർപൂൾ താരം!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ ക്ലബ്ബ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഏകദേശം 70 മില്യൺ യുറോയോളമായിരുന്നു താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ചിലവഴിച്ചിരുന്നത്. റയലിനോടൊപ്പം ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയതിനുശേഷമാണ് കാസമിറോ യുണൈറ്റഡിൽ എത്തിയിട്ടുള്ളത്.താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

ഏതായാലും മുൻ ലിവർപൂൾ ഇതിഹാസമായ ഗ്രെയിം സൗനെസ് ഇപ്പോൾ കാസമിറോക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതായത് കാസമിറോ മികച്ച താരമല്ലെന്നും അദ്ദേഹം ഇത്രയൊന്നും മൂല്യം അർഹിക്കുന്നുമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരുപാട് മികച്ച താരങ്ങൾ ചുറ്റും ഉണ്ടായിരുന്നതിനാൽ അദ്ദേഹം റയലിൽ ഭാഗ്യവാനായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സൗനസിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കാസമിറോ ഒരുപാട് മികച്ച താരങ്ങൾക്കൊപ്പമാണ് കളിച്ചിട്ടുള്ളത്.കാസമിറോ ഒരു മികച്ച താരമല്ല. അദ്ദേഹം ഒരിക്കലും മികച്ച താരമായിരുന്നില്ല.യുണൈറ്റഡിന്റെ മധ്യനിരയെ സോളിഡാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും. പക്ഷേ അദ്ദേഹത്തിന്റെ പാസുകൾ ഒന്നും മികച്ചതല്ല. മറ്റുള്ള താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. റയൽ മാഡ്രിഡിൽ അദ്ദേഹം യഥാർത്ഥത്തിൽ ഭാഗ്യവാനായിരുന്നു. ഞാൻ കാസമിറോയിലേക്ക് നോക്കാറില്ലായിരുന്നു. ഇപ്പോൾ എങ്ങനെയായിരിക്കും അദ്ദേഹം കളിക്കുക എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്. 30 വയസ്സുകാരനായ കാസമിറോ 70 മില്യൺ യൂറോ അർഹിക്കുന്നില്ല.അത് വളരെയധികം കൂടുതലാണ്.യുണൈറ്റഡ് വെറുതെ അദ്ദേഹത്തിനു വേണ്ടി കൂടുതൽ പണം ചിലവഴിക്കുകയാണ് ചെയ്തത്. ബോൾ കൈവശമുള്ളപ്പോൾ നല്ല രൂപത്തിൽ കളിക്കാൻ കഴിയാത്ത താരമാണ് കാസമിറോ ” ഇതാണ് സൗനെസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിനു മുന്നേ കാസമിറോയെ ഓൾഡ് ട്രഫോഡിൽ അവതരിപ്പിച്ചിരുന്നു.ഇനി സതാംപ്റ്റണെതിരെയാണ് യുണൈറ്റഡ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *