കാസമിറോ,പക്കേറ്റ എന്നിവർക്ക് പുറമേ മറ്റൊരു ബ്രസീലിയൻ മിഡ്ഫീൽഡർ കൂടി പ്രീമിയർ ലീഗിലേക്ക്, സ്വന്തമാക്കുന്നത് ലിവർപൂൾ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ ദേശീയ ടീമിന്റെ രണ്ട് പ്രധാനപ്പെട്ട മിഡ്ഫീൽഡർമാർ പ്രീമിയർ ലീഗിലേക്ക് എത്തിയത്.കാസമിറോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. മാത്രമല്ല ലുകാസ് പക്കേറ്റ ഇപ്പോൾ ലിയോൺ വിട്ടുകൊണ്ട് വെസ്റ്റ് ഹാം യുണൈറ്റഡിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു ബ്രസീലിയൻ മിഡ്ഫീൽഡർ ആയ ആർതർ മെലോ കൂടി പ്രീമിയർ ലീഗിലേക്ക് എത്തുകയാണ്. വമ്പൻമാരായ ലിവർപൂളാണ് ആർതറിനെ സ്വന്തമാക്കുക. ഇക്കാര്യം ഒഫീഷ്യൽ ആയിട്ടില്ലെങ്കിലും ഉടൻതന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരിക്കും ആർതർ യുവന്റസിൽ നിന്നും ലിവർപൂളിൽ എത്തുക. താരത്തെ വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്നത്. ആർതറിന്റെ മെഡിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലിവർപൂളിന് നിലവിലെ ഏറ്റവും കൂടുതൽ അലട്ടുന്നത് മധ്യനിരയിലെ പ്രശ്നങ്ങളാണ്. അതിനൊരു താൽക്കാലിക പരിഹാരം എന്ന രൂപേണയാണ് താരത്തെ ഇപ്പോൾ ലിവർപൂൾ എത്തിക്കുന്നത്.

ആർതർ കൂടി എത്തുന്നതോടെ ബ്രസീലിന്റെ ഒട്ടുമിക്ക മിഡ്‌ഫീൽഡർമാരും ഇപ്പോൾ പ്രീമിയർ ലീഗിലാണ്.കാസമിറോ,പക്കേറ്റ എന്നിവർക്ക് പുറമേ കൂട്ടിഞ്ഞോ,ഫാബിഞ്ഞോ,ഡഗ്ലസ് ലൂയിസ്,ബ്രൂണോ ഗിമിറസ്,ഫ്രഡ്‌ എന്നിവരൊക്കെ പ്രീമിയർ ലീഗിൽ ആണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *