കളിയാക്കിയ തിയാഗോ സിൽവയുടെ ഭാര്യയെക്കൊണ്ട് മാറ്റിപ്പറയിച്ച് വെർണർ, മാപ്പ് പറഞ്ഞ് സിൽവ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൻ്റെ രണ്ടാം പാദത്തിൽ ചെൽസി റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അതിൽ ഒരു ഗോൾ നേടിയത് ടിമോ വെർണറായിരുന്നു. മാഡ്രിഡിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഗോൾ നേടാനുള്ള സുവർണ്ണാവസരങ്ങൾ നഷ്ടപ്പെടുത്തിയതിൻ്റെ പേരിൽ ഏറെ പഴി കേട്ടിരുന്നു വെർണർ. അന്ന് അദ്ദേഹത്തെ വിമർശിച്ചവരിൽ സഹതാരം തിയാഗോ സിൽവയുടെ പത്നി ബെല്ലയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതേ ബെല്ല വെർണറുടെ പ്രകടനത്തിൽ അഭിനന്ദിക്കാനും മുന്നിലുണ്ട്.

ബെല്ലയുടെ അന്നത്തെ പരിഹാസം

“ഇത് കർമ്മയാണ്, ഞാൻ ഏത് ക്ലബ്ബിൽ പോയാലും അവസരങ്ങൾ പാഴാക്കുന്ന ഒരു സ്ട്രൈക്കർ അവിടെയുണ്ടാവും! ഇതാ ഒരു വെർണർ..! എന്താണയാളുടെ പേര്? ഞങ്ങൾക്ക് ഈ മത്സരത്തിൽ ഗോളുകൾ വേണം, പക്ഷേ സ്ട്രൈക്കർമാർ ഗോളടിക്കുന്നില്ല. എനിക്കറിയില്ല എന്തുകൊണ്ടാണവർ അതിന് ശ്രമിക്കാത്തതെന്ന്”! മാഡ്രിഡിൽ വെച്ച് വെർണർ സുവർണ്ണാവസരം പാഴാക്കിയപ്പോൾ തിയാഗോ സിൽവയുടെ ഭാര്യ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റാണിത്.

വെർണർ ഗോളടിച്ചു, ബെല്ല തിരുത്തി

രണ്ടാം പാദത്തിൽ വെർണർ ഗോളടിച്ചപ്പോൾ ബെല്ലയുടെ ഭർത്താവ് കളിക്കളത്തിൽ അത് വെർണറോടൊപ്പം അഘോഷിക്കുമ്പോൾ അവർ വീട്ടിലിരുന്ന് തൻ്റെ വാക്കുകൾ തിരുത്തുന്ന തിരക്കിലായിരുന്നു! “വെർണർ.. വളരെ നന്നായിട്ടുണ്ട്, ഇതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞ് കൊണ്ടിരുന്നത്. നിനക്കറിയാം എങ്ങനെ ഗോളടിക്കണമെന്ന്, പ്രിയ സുഹൃത്തേ നീ മികച്ച താരമാണ്, ലവ് യൂ”. ബെല്ല ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റിട്ടു.

തിയാഗോ സിൽവ മാപ്പ് പറഞ്ഞു

സിൽവയുടെ വീട്ടിൽ നിന്ന് വന്ന കമൻ്റുകളോട് വെർണർക്ക് പരിഭവമൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം പാദ മത്സരശേഷം അദ്ദേഹം പറഞ്ഞത് ആളുകൾ ഇമോഷണലാവുമ്പോൾ അത്തരം പ്രതികരണങ്ങളുണ്ടാവുമെന്നും തിയാഗോ സിൽവ തൊട്ടടുത്ത ദിവസം തന്നെ തന്നോട് മാപ്പ് പറഞ്ഞെന്നും തനിക്കതിൽ പ്രശ്നമൊന്നുമില്ലെന്നാണ്! ഏതായാലും രണ്ടാം പാദത്തിലെ ഗോൾ എല്ലാവരെയും സന്തോഷിപ്പിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *