കളിക്കാനിറക്കിയില്ലെങ്കിൽ ആഴ്സണൽ വിടുമെന്ന് എമിലിയാനോ മാർട്ടീനസ്

ആഴ്സണലിൻ്റെ FA കപ്പ് വിജയത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച താരമാണ് അവരുടെ അർജൻ്റീനക്കാരനായ ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ്. 2010ൽ പതിനേഴാം വയസ്സിൽ ആഴ്സണലിലെത്തിയ താരം ഒരിക്കൽ പോലും അവരുടെ ഫസ്റ്റ് ചോയിസ് ഗോൾകീപ്പറായിരുന്നില്ല. പല സീസണുകളിലും ആഴ്സണൽ അദ്ദേഹത്തെ മറ്റു ക്ലബ്ബുകളിലേക്ക് ലോണിൽ വിടുകയായിരുന്നു. എന്നാൽ ആഴ്സണലിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ബെർണ്ട് ലിനോക്ക് പരിക്കേറ്റ് കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് ദീർഘനാൾ പുറത്തിരിക്കേണ്ടി വന്നതോടെ ഈ സീസണിൽ മാർട്ടീനസിന് കുറച്ചൊക്കെ അവസരങ്ങൾ ലഭിക്കുകയുണ്ടായി. കിട്ടിയ അവസരം മുതലെടുത്ത താരം FA കപ്പ് വിജയത്തിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നാൽ അടുത്ത സീസണിൽ ലിനോ തിരിച്ചു വന്നാൽ വീണ്ടും മാർട്ടീനസിന് ബെഞ്ചിലിരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന നിലപാടിലാണ് എമിലിയാനോ മാർട്ടീനസ്.

ഒരു അർജൻ്റൈൻ റേഡിയോയോടാണ് എമിലിയാനോ മാർട്ടീനസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ: “എനിക്ക് മികച്ച പ്രകടനം നടത്താനാവുമെന്ന് ഞാൻ ക്ലബ്ബിന് കാണിച്ചു കൊടുത്തു കഴിഞ്ഞു. അടുത്ത സീസണിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഞാൻ ആഴ്സണലിൽ തുടരുകയുള്ളൂ. ആഴ്സണൽ ടീമിൽ സ്ഥാനമുറപ്പിക്കുകയും അതുവഴി അർജൻ്റീനയുടെ ദേശീയ ടീമിൽ ഇടംപിടിക്കുകയുമാണ് എൻ്റെ ലക്ഷ്യം. ആഴ്സണലിൽ എനിക്ക് കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തീർച്ചയായും ഞാൻ ക്ലബ്ബ് മാറും”.

Leave a Reply

Your email address will not be published. Required fields are marked *