കയ്യിൽ പണമില്ലെങ്കിൽ പിന്നെ ചിലവഴിക്കാൻ നിൽക്കരുത് : ബോറൂസിയയിലെ ദുരനുഭവം ബാഴ്സക്ക് വിവരിച്ചു നൽകി ക്ലോപ്!

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞ ക്ലബ്ബുകളിൽ ഒന്ന് എഫ്സി ബാഴ്സലോണയാണ്. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ പല ആസ്തികളും ലാപോർട്ടക്ക് വിൽക്കേണ്ടി വന്നിരുന്നു.എന്നിട്ടാണ് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധിച്ചത്.

ഏതായാലും ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് കയ്യിൽ പണമില്ലെങ്കിൽ ചിലവഴിക്കാൻ നിൽക്കരുതെന്നും എങ്ങനെയാണ് ബാഴ്സ ഇത്രയധികം ട്രാൻസ്ഫറുകൾ നടത്തുന്നത് എന്നത് തനിക്ക് മനസ്സിലാവുന്നില്ല എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല ബാഴ്സ വിറ്റത് പോലെയുള്ള റൈറ്റ്സുകൾ അഡ്വാൻസായി വിറ്റതുകൊണ്ട് ബോറൂസിയ നേരിടേണ്ടിവന്ന പ്രതിസന്ധിയെയും ക്ലോപ് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബാഴ്സ എങ്ങനെയാണ് ഇത്രയും ട്രാൻസ്ഫറുകൾ നടത്തുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. എന്റെ കയ്യിൽ പണമില്ലെങ്കിൽ ഞാൻ ഒരിക്കലും ചിലവഴിക്കില്ലല്ലോ? എന്റെ ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ മുമ്പ് ഇതുപോലെ രണ്ട് തവണ എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിലാണ് ഞാൻ ഇതിനെ നോക്കി കാണുന്നത്.എനിക്കൊന്നും മനസ്സിലാവുന്നില്ല. സ്റ്റേഡിയവും മറ്റുള്ള റൈറ്റ്സുമൊക്കെ അഡ്വാൻസായി കൊണ്ട് വിറ്റ ക്ലബ്ബ് എന്റെ അറിവിലുള്ളത് ബോറൂസിയ മാത്രമാണ്. പിന്നീട് വലിയ പ്രതിസന്ധിയാണ് അവിടെ നേരിടേണ്ടി വന്നത്. ഒടുവിൽ അവസാന നിമിഷത്തിൽ അക്കി വാട്സ്ക്കെ രക്ഷകനായി കൊണ്ട് അവതരിക്കുകയായിരുന്നു. അതോടെയാണ് ബോറൂസിയ പാപ്പരത്വത്തിൽ നിന്നും രക്ഷപ്പെട്ടത്.ബാഴ്സക്ക് ഇനി ഒരു അക്കി വാട്സ്ക്കെ ഉണ്ടാവുമോ എന്നെനിക്കറിയില്ല ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ഈ റൈറ്റ്സുകളെല്ലാം വിറ്റഴിച്ചത് ഭാവിയിൽ ബാഴ്സക്ക് വലിയ രൂപത്തിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നുള്ള മുന്നറിയിപ്പാണ് ക്ലോപ് നൽകിയിട്ടുള്ളത്.ലിവർപൂളിന്റെ പരിശീലകനാവുന്നതിനു മുന്നേ ബോറൂസിയയുടെ പരിശീലകൻ കൂടിയായിരുന്നു ക്ലോപ്.

Leave a Reply

Your email address will not be published. Required fields are marked *