ഓരോ ആഴ്ചയും ഞങ്ങൾ സ്വന്തം കുഴി തോണ്ടുന്നു: ചെൽസിയെ കുറിച്ച് പാൽമർ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബേൺലിയാണ് ചെൽസിയെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ നാല്പതാം മിനിട്ടു മുതൽ 10 പേരെ വെച്ചുകൊണ്ടാണ് ബേൺലി കളിച്ചിരുന്നത്.ഇത് മുതലെടുക്കാൻ ചെൽസിക്ക് സാധിച്ചിരുന്നില്ല.

മത്സരത്തിൽ ചെൽസി നേടിയ രണ്ടു ഗോളുകളും പിറന്നത് കോൾ പാൽമറുടെ കാലുകളിൽ നിന്നാണ്. 44ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 78ആം മിനുട്ടിൽ സ്റ്റെർലിങ്ങിന്റെ അസിസ്റ്റിൽ നിന്നുമാണ് താരം ഗോൾ നേടിയിട്ടുള്ളത്.എന്നാൽ ടീമിനെ വിജയിക്കാൻ സാധിക്കാത്തതിൽ ഇദ്ദേഹം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ച്ചയും ചെൽസി സ്വന്തം കുഴി തോണ്ടുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പാൽമറുടെ വാക്കുകൾ ഇങ്ങനെയാണ്.

“വളരെ ദയനീയമായിരുന്നു ഇന്ന് ഞങ്ങൾ, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.അവർ കേവലം 10 പേരായി ചുരുങ്ങിയിരുന്നു.ഒരു ഗോളിന്റെ ലീഡിൽ ഞങ്ങൾ ആശ്വസിച്ചു നിന്നു.അത് വിനയായി. എല്ലാ ആഴ്ചയും ഇതുതന്നെയാണ് സംഭവിക്കുന്നത്.ഞങ്ങൾ സ്വയം കൊല്ലുകയാണ്,സ്വന്തം കുഴി തോണ്ടുകയാണ് ഞങ്ങൾ ചെയ്യുന്നത്.ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.രണ്ടു ഗോളുകൾ എനിക്ക് നേടാനായി എന്നതൊക്കെ നല്ല കാര്യം തന്നെ.പക്ഷേ പോയിന്റുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യമില്ല. സ്ഥിരത പുലർത്താൻ വേണ്ടി ഞങ്ങൾ ഗൗരവമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് “ഇതാണ് പാൽമർ പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി ഉള്ളത്. 28 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് അവർക്കുള്ളത്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. ഇടക്കിടെ തോൽവികളും സമനിലകളും ചെൽസിക്ക് വഴങ്ങേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *