ഒരു മാസം മുമ്പേ അവൻ എല്ലാവർക്കും ഒരു ദുരന്തമായിരുന്നു,ഇപ്പോഴവൻ എല്ലാ റെക്കോർഡുകളും തകർത്തെറിയാൻ പോകുന്നു : ഹാലണ്ടിനെ കുറിച്ച് പെപ് പറയുന്നു!
ബുണ്ടസ്ലിഗയിൽ ഗോളടിച്ചു കൂട്ടിയ പോലെ പ്രീമിയർ ലീഗിൽ ഗോളുകൾ നേടാൻ കഴിയില്ല എന്നതായിരുന്നു പലരും എർലിംഗ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നപ്പോൾ പ്രവചിച്ചിരുന്നത്. ലിവർപൂളിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ ഹാലണ്ടിന് വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു.എന്നാൽ ഈ വിമർശനങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല.
എന്തെന്നാൽ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും താരം ഹാട്രിക്ക് നേടുകയും ചെയ്തു. നിരവധി റെക്കോർഡുകൾ താരത്തിന് മുന്നിൽ ഇപ്പോൾ തന്നെ വീണുടയുകയും ചെയ്തു.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. ഒരു മാസം മുമ്പേ പലർക്കും അവൻ ദുരന്തമായിരുന്നുവെന്നും എന്നാലിപ്പോൾ അവൻ എല്ലാ റെക്കോർഡുകളും തകർത്തറിയാനാണ് പോകുന്നത് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 3, 2022
” ഭാവിയിൽ എന്ത് സംഭവിക്കുമെന്നുള്ളത് പ്രവചിക്കുന്ന ആളുകളെ എനിക്കിഷ്ടമാണ്.എന്നെക്കൊണ്ട് അതിനൊന്നും കഴിയില്ല. ഒരുമാസം മുമ്പേ അവൻ പലർക്കും ഒരു ദുരന്തമായിരുന്നു.എന്നാലിപ്പോൾ ഹാലണ്ട് എല്ലാ റെക്കോർഡുകളും തകർത്തെറിയാൻ പോവുകയാണ്.എന്താണ് നാളെ സംഭവിക്കുക എന്നുള്ളതൊന്നും എനിക്കറിയില്ല.പക്ഷേ രണ്ട് വർഷത്തിനുള്ളിൽ എന്തൊക്കെ നടക്കും എന്നുള്ളത് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. അദ്ദേഹം ഇവിടെ സെറ്റിലായതിൽ ഞങ്ങൾ വളരെയധികം സന്തോഷവാൻമാരാണ്. ടീമിലെ സ്റ്റാഫുകൾ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഇനി സിറ്റിയുടെ എതിരാളികൾ ആസ്റ്റൻ വില്ലയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ ഒരു മത്സരം നടക്കുക.ഹാലണ്ട് ഗോളടി തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.