ഒരു ദിവസം മടങ്ങിയെത്താനാവുമെന്നുള്ള പ്രതീക്ഷയോടെ പോവുന്നു : ഹൃദയസ്പർശിയായ വിടവാങ്ങൽ കുറിപ്പുമായി കാസമിറോ!

തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫറായിരുന്നു കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് നടന്നത്. 9 വർഷക്കാലം റയലിൽ ചിലവഴിച്ച ബ്രസീലിയൻ സൂപ്പർ താരം കാസമിറോ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇനി ഓൾഡ് ട്രഫോഡിലാണ് കാസമിറോയെ കാണാൻ സാധിക്കുക. ആകെ 70 മില്യൺ യുറോയോളം ചിലവഴിച്ചുകൊണ്ടാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും റയൽ മാഡ്രിഡിന്റെ ആരാധകർക്ക് ഒരു ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ കാസമിറോ പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസം മടങ്ങിയെത്താനാവുമെന്നുള്ള പ്രതീക്ഷയോടുകൂടിയാണ് താൻ പോകുന്നത് എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.കാസമിറോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ചിന്തകളിൽ പോലും ഇല്ലാത്ത രൂപത്തിലുള്ള ഒരു വണ്ടർഫുൾ സ്റ്റോറിയാണ് ഞാൻ ജീവിച്ചു തീർത്തത്.എപ്പോഴും എന്റെ വീടായ ഇവിടേക്ക് ഒരു ദിവസം തിരിച്ചു വരാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ എനിക്ക് തന്നതിനൊന്നും ഒരിക്കൽപോലും തിരികെ തരാൻ എനിക്ക് കഴിഞ്ഞേക്കില്ല. എന്നും എപ്പോഴും ഹാല മാഡ്രിഡ് ” ഇതാണ് കാസമിറോ കുറിച്ചിട്ടുള്ളത്.

റയലിനോടൊപ്പം നിരവധി കിരീടങ്ങൾ വാരിക്കൂട്ടിയതിനു ശേഷമാണ് ഇപ്പോൾ കാസമിറോ പടിയിറങ്ങുന്നത്. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടങ്ങളും ഇതിൽ ഉൾപ്പെടുന്നു.ഏതായാലും റയലിനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒരു താരത്തെയാണ് അവർക്ക് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *