ഒരുപക്ഷെ എന്നേക്കാൾ സമർത്ഥൻ ബിയൽസയായിരിക്കും, മത്സരത്തെ വിലയിരുത്താൻ ബുദ്ദിമുട്ടിയതിനെ കുറിച്ച് പെപ് പറയുന്നു !

ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളക്കാൻ ലീഡ്‌സ് യുണൈറ്റഡിന് കഴിഞ്ഞിരുന്നു. 1-1 എന്ന സ്കോറിനാണ് ലീഡ്‌സും സിറ്റിയും തമ്മിൽ സമനിലയിൽ പിരിഞ്ഞത്. ഏവരും ഉറ്റുനോക്കിയിരുന്നത് സമകാലീന ഫുട്ബോൾ ലോകത്തെ രണ്ട് മികവുറ്റ പരിശീലകരായ പെപ്പിന്റെയും ബിയൽസയുടെയും തന്ത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തെയെയായിരുന്നു. എന്നാൽ മികച്ച സ്‌ക്വാഡ് കൈവശമുണ്ടായിട്ടും ബിയൽസയെ മറികടക്കാൻ സിറ്റിക്ക് സാധിച്ചില്ല എന്ന് വേണം പറയാൻ. മത്സരശേഷം ബിയൽസയും പെപ്പും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ എന്താണ് സംസാരിച്ചത് എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പെപ്. മത്സരത്തെ കുറിച്ചുള്ള അഭിപ്രായമായിരുന്നു അദ്ദേഹം തന്നോട് ചോദിച്ചതെന്നും എന്നാൽ തനിക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പെപ്. വേഗത്തിൽ മത്സരം വിലയിരുത്താൻ അദ്ദേഹത്തിനെ സാധിക്കുകയൊള്ളൂ എന്നും തന്നെക്കാൾ സമർത്ഥനാണ് ബിയൽസ എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

” അദ്ദേഹം എന്നോട് ചോദിച്ചു, മത്സരത്തെ കുറിച്ച് എന്താണ് തന്റെ അഭിപ്രായം? ഞാൻ പറഞ്ഞു, ഒരു സെക്കന്റിന് ശേഷം മത്സരം വിലയിരുത്താനൊന്നും എനിക്ക് കഴിയില്ലെന്ന്. ചിലപ്പോൾ എന്നേക്കാൾ സമർത്ഥൻ അദ്ദേഹമായിരിക്കും. ഞാൻ അങ്ങനെയൊന്നുമല്ല. മത്സരം എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്താൻ എനിക്ക് സമയം ആവിശ്യമാണ്. പക്ഷെ പിന്നീട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നല്ല മത്സരമായിരുന്നു എന്ന്. തീർച്ചയായും നീതിയുക്തമായ ഒരു മത്സരഫലമായിരുന്നു അത്. റിസൾട്ട്‌ എന്താണോ അത് തന്നെയാണ് മത്സരവും ” മത്സരശേഷം പെപ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *