ഒമ്പതടിച്ച് കലിപ്പടക്കി ലിവർപൂൾ,ഹാലണ്ടിന്റെ ഹാട്രിക്കിൽ മാസ്മരിക തിരിച്ചുവരവുമായി മാഞ്ചസ്റ്റർ സിറ്റി!

പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ലിവർപൂളിന് വമ്പൻ വിജയം. കഴിഞ്ഞ മൂന്നു മത്സരത്തിൽ വിജയിക്കാനാവാത്തതിന്റെ അരിശം ബോൺമൗത്തിനോട് ലിവർപൂൾ തീർക്കുകയായിരുന്നു. എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ലിവർപൂൾ എതിരാളികളെ തച്ചു തകർത്തത്.

ഇരട്ട ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ ബ്രസീലിയൻ സൂപ്പർ താരം ഫിർമിനോയാണ് മത്സരത്തിൽ തിളങ്ങിയത്.ലൂയിസ് ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ എലിയട്ട്,അർനോൾഡ്,വാൻ ഡൈക്ക്,കാർവാൽഹോ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി കൊണ്ടാണ് ലിവർപൂൾ കലിപ്പടക്കിയത്.

അതേസമയം മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി മാസ്മരിക തിരിച്ചുവരവ് നടത്തിക്കൊണ്ട് വിജയിച്ചു. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന മാഞ്ചസ്റ്റർ സിറ്റി നാല് ഗോളുകൾ നേടിക്കൊണ്ട് ക്രിസ്റ്റൽ പാലസിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പർ താരം ഹാലണ്ടിന്റെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ത്രസിപ്പിക്കുന്ന വിജയം സിറ്റിക്ക് സമ്മാനിച്ചത്.ബെർണാഡോ സിൽവയാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. നിലവിൽ സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

അതേ സമയം മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.സ്റ്റെർലിങ്ങിന്റെ ഇരട്ടഗോളുകളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *