ഒഫീഷ്യൽ : എമിലിയാനോ മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലക്ക് വേണ്ടി കളിക്കും !

ആഴ്സണലിന്റെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലക്ക് വേണ്ടി കളിക്കും. താരത്തെ തങ്ങൾ ക്ലബ്ബിൽ എത്തിച്ചതായി ആസ്റ്റൺ വില്ല ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത് മില്യൺ പൗണ്ടിനാണ് താരം വില്ലയിൽ എത്തിയത്. നാലു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. താരത്തെ ക്ലബ്ബിൽ എത്തിക്കാനായതിൽ വില്ല പരിശീലകൻ ഡീൻ സ്മിത്ത് സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ സീസണിൽ ആഴ്സണലിന് വേണ്ടി താരം കാഴ്ച്ചവെച്ച തകർപ്പൻ പ്രകടനത്തിലൂടെയാണ് മാർട്ടിനെസ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇരുപത്തിയെട്ടുകാരനായ താരം പത്ത് വർഷത്തോളം ആഴ്‌സണൽ താരമായി തുടർന്നതിന് ശേഷമാണ് ക്ലബ് വിടാൻ തീരുമാനിച്ചത്.

2010-ൽ ഇന്റിപെന്റന്റിൽ നിന്നാണ് മാർട്ടിനെസ് ആഴ്സണലിൽ എത്തിയത്. എന്നാൽ ഗണ്ണേഴ്സിൽ എത്തിയ ശേഷം ആറോളം തവണയാണ് താരം ലോണിൽ അയക്കപ്പെട്ടത്. തുടർന്ന് തിരിച്ചെത്തിയ താരത്തിന്റെ പ്രതിഭയെ തിരിച്ചറിയാൻ ഫസ്റ്റ് ഗോൾകീപ്പർ ലെനോക്ക് പരിക്കേൽക്കേണ്ടി വന്നു. അതിനെ തുടർന്ന് ലഭിച്ച സ്ഥാനം താരം മുതലെടുക്കുകയായിരുന്നു. പ്രീമിയർ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം എഫ്എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ പുറത്തെടുത്ത പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. തുടർന്ന് കമ്മ്യൂണിറ്റി ഷീൽഡ് നേടാനും താരത്തിന്റെ പ്രകടനം സഹായകരമായി. എന്നാൽ ഈ സീസണിൽ ലെനോ പരിക്കിൽ നിന്നും മുക്തനായതോടെ താരം വീണ്ടും രണ്ടാമനാവുകയായിരുന്നു. ഇതോടെ താരം ക്ലബ് വിടുമെന്ന് തുറന്നു പറയുകയായിരുന്നു. തുടർന്ന് ആഴ്സനൽ താരത്തെ പോകാൻ അനുവദിക്കുകയായിരുന്നു. വരുന്ന തിങ്കളാഴ്ച ഷെഫീൽഡ് യൂണൈറ്റഡിനെതിരെ താരം വില്ലക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *