ഒടുവിൽ ചെൽസി ജയിച്ചു, പ്രീമിയർ ആവേശകരമായ അന്ത്യത്തിലേക്ക്!
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ നീലപ്പടക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണവർ നോർവിച്ച് സിറ്റിയെ തകർത്തത്. വളരെ നിർണായകമായ വിജയവും നിർണായകമായ മൂന്ന് പോയിന്റുമാണ് ചെൽസി കൈക്കലാക്കിയത്. ഒലിവർ ജിറൂദ് നേടിയ ഗോളാണ് ചെൽസിക്ക് തുണയായത്. ഇതോടെ ചെൽസി പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനം ഭദ്രമാക്കി. മുപ്പത്തിയാറ് മത്സരങ്ങളിൽ നിന്ന് 63 പോയിന്റ് ആണ് ചെൽസിക്കുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും 59 പോയിന്റുകളുമായി തൊട്ട് പിറകിലുണ്ട്. കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയോടെ തുലാസിലായ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ഒരല്പം ജീവൻ വെപ്പിക്കാൻ ഈ ജയത്തോടെ ചെൽസിക്ക് സാധിച്ചു.
It was all part of the brief! 😉#CHENOR pic.twitter.com/PMA1YqyaH7
— Chelsea FC (@ChelseaFC) July 14, 2020
വില്യൻ, ഒലിവർ ജിറൂദ്, ക്രിസ്ത്യൻ പുലിസിച്ച് എന്നിവരെ അണിനിരത്തിയാണ് ലംപാർഡ് ആദ്യ ഇലവനെ കളത്തിലേക്കിറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ ജിറൂദിന് അവസരം ലഭിച്ചുവെങ്കിലും താരം അത് പാഴാക്കുകയായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ജിറൂദ് ഇതിന് പ്രായശ്ചിത്തം ചെയ്തു. പുലിസിച്ചിന്റെ ക്രോസ് ഒരു പറക്കും ഹെഡറിലൂടെ താരം വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ വേണ്ടി വില്യനും പുലിസിച്ചുമൊക്കെ ലക്ഷ്യം വെച്ചെങ്കിലും ഫലം കണ്ടില്ല. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ ആണ് ബ്ലൂസിന് അവശേഷിക്കുന്നത്. ലിവർപൂളുമായും വോൾവ്സുമായിട്ടാണ് എന്നുള്ളത് ചെൽസിയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നുണ്ട്.
Job done! 🙌#CHENOR pic.twitter.com/XLO5Q3h8ut
— Chelsea FC (@ChelseaFC) July 14, 2020