എൻസോ ഓവർ റേറ്റഡാണ്,പോട്ടർ അന്ന് തന്നെ മുന്നറിയിപ്പ് നൽകി!

കഴിഞ്ഞ സീസണിന് ശേഷമായിരുന്നു ചെൽസിയുടെ ഉടമസ്ഥ സ്ഥാനത്തേക്ക് ടോഡ് ബോഹ്ലി എത്തിയത്. വലിയൊരു മാറ്റമാണ് അദ്ദേഹം ടീമിൽ നടത്തിയത്. 600 മില്യൺ യൂറോ ചിലവഴിച്ചുകൊണ്ട് നിരവധി സൂപ്പർതാരങ്ങളെ അദ്ദേഹം വാങ്ങി കൂട്ടിയിരുന്നു. മാത്രമല്ല ഒരു വർഷത്തിനിടെ നാല് പരിശീലകരാണ് അദ്ദേഹത്തിന് കീഴിൽ ചെൽസിയെ പരിശീലിപ്പിച്ചത്.

തോമസ് ടുഷേലിനെ പുറത്താക്കിയത് ഏവർക്കും അത്ഭുതം ഉണ്ടാക്കിയ കാര്യമായിരുന്നു. അതിനുശേഷമാണ് ഗ്രഹാം പോട്ടർ വന്നത്. അദ്ദേഹത്തെ പുറത്താക്കിയതിനു ശേഷം താൽക്കാലികമായി കൊണ്ട് ബ്രൂണോ സാൾട്ടർ ചെൽസിയെ പരിശീലിപ്പിച്ചു. പിന്നീട് ഇടക്കാലയളവിലേക്ക് ലംപാർഡിനെ നിയമിച്ചു. അടുത്ത സീസണിൽ മൗറിസിയോ പോച്ചെട്ടിനോയാണ് ചെൽസിയെ പരിശീലിപ്പിക്കുക.

പലതും ചെയ്തു നോക്കിയിട്ടും വളരെ മോശം പ്രകടനമാണ് ഈ സീസണിൽ ചെൽസി നടത്തിയിട്ടുള്ളത്.പ്രീമിയർ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരൊറ്റ കിരീടം പോലും ഈ സീസണിൽ നേടാൻ ചെൽസിക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ ഈ വിഷയങ്ങളിലൊക്കെ ചെൽസിയുടെ പരിശീലകനായിരുന്നു ഗ്രഹാം പോട്ടർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ഒരുപാട് പണം ചിലവഴിച്ചുകൊണ്ട് നിരവധി സൂപ്പർതാരങ്ങളെ വാങ്ങി കൂട്ടുന്നതിനോട് പോട്ടർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. കൂടാതെ എൻസോ ഫെർണാണ്ടസിനെ വാങ്ങുന്ന സമയത്തും ഈ പരിശീലകൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 120 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരുന്നത്.അത്രയും തുക കൊടുത്തുകൊണ്ട് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ല, അദ്ദേഹം ഓവർ റേറ്റഡാണ് എന്നുള്ള കാര്യം പോട്ടർ ടോഡ് ബോഹ്ലിയോട് പറഞ്ഞിരുന്നു.

ചെൽസിയിലെ ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവയും ബോഹ്ലിയുടെ ട്രാൻസ്ഫർ പോളിസികളെ എതിർത്തിരുന്നു. താരങ്ങളുടെ എണ്ണം വർദ്ധിച്ചുവെന്നും ഡ്രസിങ് റൂമിന്റെ വലിപ്പം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നുമായിരുന്നു വിമർശന രൂപേണ സിൽവ പറഞ്ഞിരുന്നത്. ഏതായാലും നിലവിലെ പ്രശ്നങ്ങൾക്ക് താൽക്കാലികമായെങ്കിലും പോച്ചെ പരിഹാരം കാണുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *