എൻസോക്ക് കൂട്ടായി ചെൽസിയിലേക്ക് ഒരു അർജന്റൈൻ സൂപ്പർതാരമെത്തുന്നു!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയിരുന്നത്. റെക്കോർഡ് തുകയായിരുന്നു അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് ചിലവഴിച്ചിരുന്നത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് ഒരുപാട് മധ്യനിര താരങ്ങളെ നഷ്ടമായി.കാന്റെ,ലോഫ്റ്റസ് ചീക്ക്,മേസൺ മൗണ്ട്,കൊവാസിച്ച് എന്നിവരൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അതുകൊണ്ടുതന്നെ മധ്യനിരയിലേക്ക് മികച്ച താരങ്ങളെ ഇനിയും ക്ലബ്ബിന് ആവശ്യമുണ്ട്.
ബ്രൈറ്റണിന്റെ സൂപ്പർ താരമായ മോയ്സസ് കൈസേഡോക്ക് വേണ്ടി ചെൽസി ഏറെക്കാലമായി ശ്രമങ്ങൾ നടത്തുന്നുണ്ട്.പക്ഷേ അത് ഇതുവരെ ഫലം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ചെൽസി ഇപ്പോൾ മറ്റൊരു താരത്തെ പരിഗണിക്കുന്നുണ്ട്.പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസിന് വേണ്ടിയാണ് ചെൽസി ശ്രമങ്ങൾ നടത്തുന്നത്. പ്രമുഖ മാധ്യമമായ സ്റ്റാൻഡേർഡ് സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Leandro Paredes 🇦🇷 to Chelsea? 👀 pic.twitter.com/5e9RFw2s6s
— Bridgways. (@Bridgways) August 4, 2023
ചെൽസിയുടെ അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി ലോൺ അടിസ്ഥാനത്തിലായിരുന്നു പരേഡസ് കളിച്ചിരുന്നത്. അത് പൂർത്തിയാക്കി കൊണ്ട് അദ്ദേഹം ഇപ്പോൾ പിഎസ്ജിയിലേക്ക് തന്നെ മടങ്ങി എത്തിയിട്ടുണ്ട്.എന്നാൽ ക്ലബ്ബ് അദ്ദേഹത്തെ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.ലാസിയോ,റോമ എന്നിവർ ഈ അർജന്റീന താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിലൊന്നും വലിയ പുരോഗതി ഉണ്ടായിട്ടില്ല.
ഏതായാലും കൈസേഡോയെ ലഭിച്ചില്ലെങ്കിൽ പരേഡസ് ചെൽസിയിൽ എത്താൻ സാധ്യതകൾ ഏറെയാണ്.ടോഡ് ബോഹ്ലി ക്ലബ്ബിന്റെ ഉടമസ്ഥനായതിനുശേഷം ഏകദേശം 800 മില്യൺ യൂറോയോളമാണ് ചെൽസി ചിലവഴിച്ചിട്ടുള്ളത്.എൻസോക്ക് തന്നെയാണ് ഏറ്റവും കൂടുതൽ വില ലഭിച്ചിട്ടുള്ളത്.121 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് ചിലവഴിച്ചിരുന്നത്. അതേസമയം വിറ്റഴിക്കലിലൂടെ 253 മില്യൺ യുറോ ചെൽസി നേടിയിട്ടുണ്ട്.