എല്ലാവർക്കും സ്വയം നാണക്കേട് തോന്നണം :വൻ വിമർശനങ്ങളുമായി ബെർബറ്റോവ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ആസ്റ്റൻ വില്ലയോടാണ് അവർ ഗോൾ രഹിത സമനില വഴങ്ങിയത്.വളരെ പരിതാപകരമായ പ്രകടനമാണ് സമീപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.ഈ സീസണിൽ 11 മത്സരങ്ങൾ ആകെ യുണൈറ്റഡ് കളിച്ചപ്പോൾ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.
ഇന്നലത്തെ മത്സരത്തിൽ 36 കാരനായ ജോണി ഇവാൻസാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.ഏതായാലും യുണൈറ്റഡ് ഇതിഹാസമായ ബെർബറ്റോവ് വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ കളിക്കളത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും സ്വയം നാണക്കേട് തോന്നണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ടെൻഹാഗിനെയും അദ്ദേഹം വിമർശിച്ചിട്ടുണ്ട്.ബെർബയുടെ വാക്കുകൾ ഇങ്ങനെയാണ്.
” 36 വയസ്സുള്ള ജോണി ഇവാൻസാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. കളിക്കളത്തിൽ ഉള്ള എല്ലാ യുണൈറ്റഡ് താരങ്ങൾ നാണക്കേട് തോന്നണം.തീർച്ചയായും വിമർശനങ്ങൾ ഇനിയും അധികരിക്കുക തന്നെ ചെയ്യും.കാരണം യുണൈറ്റഡ് വിജയങ്ങളും പോയിന്റുകളും നേടേണ്ടതുണ്ട്. പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ.വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. ഇവിടെ ചെയ്യേണ്ട ഏക കാര്യം കൂടുതൽ പോയിന്റുകൾ നേടുക എന്നുള്ളത് മാത്രമാണ്.പക്ഷേ നിലവിലെ അവരുടെ കളി ശൈലി വച്ചുനോക്കുമ്പോൾ അത് കഠിനമായ ഒരു കാര്യമാണ് ” ഇതാണ് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.
ടെൻഹാഗിനെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നുള്ള ആവശ്യം ഏറെക്കാലമായി ഉയർന്നു കേൾക്കുന്നു.എന്നാൽ യുണൈറ്റഡ് ഉടമസ്ഥർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. നിലവിൽ അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. ഏത് നിമിഷം വേണമെങ്കിലും അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമായേക്കാം.