എല്ലാവരും നന്നേ ക്ഷീണിതരായി : ടെൻ ഹാഗിനെ കുറിച്ച് ബ്രൂണോ ഫെർണാണ്ടസ് പറയുന്നു!
പുതിയ പരിശീലകൻ എറിക്ക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.പ്രീ സീസൺ പരിശീലനമാണ് നിലവിൽ യുണൈറ്റഡ് നടത്തുന്നത്. ആദ്യ പ്രീ സീസൺ മത്സരത്തിൽ യുണൈറ്റഡിന്റെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസ് ടെൻ ഹാഗിന് കീഴിലുള്ള തീവ്രമായ പരിശീലനത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പരിശീലത്തിനു ശേഷം എല്ലാവരും നന്നേ ക്ഷീണിതരായി എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. മുഴുവൻ സമയവും ഓടിക്കളിക്കുന്നതിനെ ടെൻഹാഗ് ഇഷ്ടപ്പെടുന്നുവെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘Really tired’ – Bruno Fernandes details ‘intense’ Erik ten Hag training ahead of Manchester United vs Liverpool #MUFC https://t.co/TUodh2OaSd
— Man United News (@ManUtdMEN) July 12, 2022
” വളരെയധികം തീവ്രതയുള്ള പരിശീലനമാണ് ഞങ്ങൾ നടത്തുന്നത്.അത് അദ്ദേഹം ഇഷ്ടപ്പെടുന്നു.എല്ലാവരും അത് ആസ്വദിക്കുന്നുണ്ട്. തീർച്ചയായും എല്ലാവരും പരിശീലനം അവസാനിക്കുമ്പോൾ നന്നേ ക്ഷീണിതരാവാറുണ്ട്.പക്ഷേ എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുള്ളത് ഞങ്ങൾക്കറിയാം. എല്ലാ ട്രെയിനിങ് സെഷനുകളും മികച്ച രൂപത്തിലാണ് അവസാനിക്കാറുള്ളത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഞങ്ങളെല്ലാവരും ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ ഞങ്ങൾക്ക് സീസൺ നല്ല രൂപത്തിൽ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.പരിശീലകനും സ്റ്റാഫും എന്താണോ ഞങ്ങളോട് ആവശ്യപ്പെടുന്നത് അത് ചെയ്യാൻ ഞങ്ങൾ തയ്യാറാണ് ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.
ബാങ്കോങ്ങിൽ വെച്ചാണ് ഇന്ന് യുണൈറ്റഡ് ലിവർപൂളിനെ നേരിടുക. അതേസമയം സൂപ്പർതാരം ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേർന്നിട്ടില്ല.