എമിയെ സ്വന്തമാക്കാൻ കഴിയുമെന്ന് ആരും കരുതേണ്ട!
അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്.അർജന്റീന ദേശീയ ടീമിനോടൊപ്പം സകലതും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഖത്തർ വേൾഡ്,2 കോപ്പ അമേരിക്ക, ഒരു ഫൈനലിസിമ എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ രണ്ട് കോപ്പ അമേരിക്കയിലെ ഗോൾഡൻ ഗ്ലൗവുകളും സ്വന്തമാക്കിയത് എമി തന്നെയാണ്. ഫിഫ ബെസ്റ്റ് പുരസ്കാരവും യാഷിൻ ട്രോഫിയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതായത് അർജന്റീനക്കൊപ്പം ഇനി ഒന്നും തന്നെ നേടാൻ താരത്തിന് ബാക്കിയില്ല.
ക്ലബ്ബ് തലത്തിലാണ് ഇനി അദ്ദേഹത്തിന് കിരീടങ്ങൾ ലഭിക്കേണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ഉനൈ എംരിക്ക് കീഴിൽ പുറത്തെടുക്കാൻ ആസ്റ്റൻ വില്ലക്കും എമിക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിൽ വില്ല കളിക്കുന്നുണ്ട്. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് അവരിപ്പോൾ ഉള്ളത്.
എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ മറ്റു പല ക്ലബ്ബുകൾക്കും താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ താരത്തെ ഇപ്പോൾ സ്വന്തമാക്കാൻ കഴിയുമെന്ന് ആരും കരുതേണ്ടതില്ല. എന്തെന്നാൽ ക്ലബ്ബ് വിട്ട് പുറത്തു പോകാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.താരം പുതിയ കോൺട്രാക്ട് സൈൻ ചെയ്തു കഴിഞ്ഞു. 2029 വരെയുള്ള കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിട്ടുള്ളത്.
2020ലാണ് ഈ ഗോൾകീപ്പർ വില്ലയിൽ എത്തിയത്. 2022ൽ അദ്ദേഹം പുതിയ കരാറിൽ ഒപ്പുവച്ചു. 2027 വരെയായിരുന്നു കരാർ. അതാണ് രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിട്ടുള്ളത്.ക്ലബ്ബിന് വേണ്ടി ആകെ 54 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുള്ള താരമാണ് എമി.പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ വില്ലക്ക് സാധിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ എമിയുടെ പഴയ ക്ലബ്ബായ ആഴ്സണലാണ് അവരുടെ എതിരാളികൾ.