എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്: ചെൽസിയെ പുകഴ്ത്തി സിൽവ!

ഈ സീസണിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ള ക്ലബ്ബ്,അത് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി തന്നെയാണ്. രണ്ട് ട്രാൻസ്ഫർ വിൻഡോകളിലുമായി 600 മില്യൺ പൗണ്ടിന് മുകളിലാണ് ചെൽസി ചിലവഴിച്ചിട്ടുള്ളത്.എൻസോ ഫെർണാണ്ടസ്,മഡ്രിക്ക് തുടങ്ങിയ താരങ്ങൾക്ക് വേണ്ടിയാണ് ചെൽസി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിട്ടുള്ളത്.

ഏതായാലും ചെൽസിയുടെ ഈ ട്രാൻസ്ഫറുകളെ കുറിച്ച് ഇപ്പോൾ ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിട്ടുണ്ട്. അതായത് തന്റെ ജീവിതത്തിൽ താൻ ഇങ്ങനെയൊന്ന് ആദ്യമായാണ് കാണുന്നത് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. വിജയങ്ങൾക്കും കിരീടങ്ങൾക്കും വേണ്ടി ക്ലബ്ബ് എത്രത്തോളം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഇതെന്നും സിൽവ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എന്റെ ജീവിതത്തിൽ ഇതുപോലെയൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. ക്ലബ്ബിന്റെ ആഗ്രഹങ്ങൾ എത്രത്തോളം ഉണ്ടെന്നും ക്ലബ്ബ് എത്രത്തോളം വിജയിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.ഈ സീസണിൽ ഞങ്ങൾക്ക് ഒരുപാട് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഒരുപാട് പുതിയ താരങ്ങൾ എത്തിയിട്ടുണ്ട്. പക്ഷേ അവർക്കൊക്കെ ടീമിനോടൊപ്പം ഇണങ്ങിച്ചേരാൻ സമയം ആവശ്യമാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സീസൺ അല്ല എന്നുള്ളത് ഞങ്ങൾക്കറിയാം.പക്ഷേ പോസിറ്റീവ് കാര്യങ്ങൾ സംഭവിക്കും.നല്ല ഒരു സ്റ്റാർട്ട് ലഭിച്ചിട്ടില്ലെങ്കിലും നല്ല രൂപത്തിൽ ഫിനിഷ് ചെയ്യാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇനി ഞങ്ങൾ ചെയ്യേണ്ടത് കാര്യങ്ങൾ കൂടുതൽ പഠിക്കുക എന്നുള്ളതാണ്.ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കാൻ ഇനി അധികം സമയം ഒന്നുമില്ല.ഞങ്ങളുടെ എല്ലാ താരങ്ങളും തയ്യാറായിരിക്കണം.ഞങ്ങൾ താരങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർദ്ധിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ചെൽസി ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടാണ് ചെൽസിയുടെ എതിരാളികൾ. ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ആദ്യ പാദമത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *