എന്റെ ഗോളിനേക്കാൾ മികച്ചത്: ഗർനാച്ചോയെ പ്രശംസിച്ച് റൂണി
കഴിഞ്ഞ ഡിസംബർ മാസത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എവർടണെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡിന്റെ അർജന്റൈൻ യുവതാരമായ ഗർനാച്ചോ ഒരു കിടിലൻ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിരുന്നു.വലിയ പ്രശംസകളാണ് ആ ഗോളിന് ലഭിച്ചത്. മാത്രമല്ല വെയ്ൻ റൂണിയുടെ ഗോളുമായി അത് താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
2011ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അസാധാരണമായ ഒരു ബൈസിക്കിൾ കിക്ക് ഗോൾ റൂണി നേടിയിരുന്നു. ഇന്നും ആഘോഷിക്കപ്പെടുന്ന ഒരു ഗോളാണ് അത്. ഏതായാലും ഈ താരതമ്യത്തിൽ റൂണി തന്നെ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് തന്റെ ഗോളിനേക്കാൾ മികച്ച ഗോളാണ് ഗർനാച്ചോ നേടിയത് എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്. അതിനുള്ള വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“El gol de Garnacho fue mejor que el mío”.
— Ataque Futbolero (@AtaqueFutbolero) February 29, 2024
Wayne Rooney, en BBC. pic.twitter.com/W1cnNqXurJ
“ഞാൻ എപ്പോഴും പറയാറുണ്ട്,ഷിൻ കൊണ്ട് ഗോൾ നേടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും അറിയില്ല അത് എന്റെ കാലിലാണോ അതോ ഷിനിലാണോ കൊണ്ടതെന്ന്. പക്ഷേ എനിക്ക് തോന്നുന്നത് എന്റെ ഗോളിനേക്കാൾ മികച്ചത് ഗർനാച്ചോയുടെ ഗോളാണ് എന്നാണ്. പക്ഷേ എന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് പിറന്നത്, അതൊരു മികച്ച മത്സരമായിരുന്നു ” ഇതാണ് വെയ്ൻ റൂണി പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് വെയ്ൻ റൂണി. 2004 മുതൽ 2017 വരെ ദീർഘകാലം ഇദ്ദേഹം യുണൈറ്റഡിന്റെ താരമായിരുന്നു.ഈയിടെ അദ്ദേഹം ബിർമിങ്ഹാം സിറ്റിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു.എന്നാൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.