എന്നെ മറ്റൊരു ലെവലിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ: തുറന്ന് പറഞ്ഞ് ലുക്കാക്കു!

കഴിഞ്ഞ സിരി എ സീസണിൽ മികച്ച പ്രകടനമായിരുന്നു ഇന്റർ മിലാന്റെ സൂപ്പർ താരമായിരുന്നു റൊമേലു ലുക്കാക്കു കാഴ്ച്ച വെച്ചിരുന്നത്.ഇന്ററിനെ കിരീടത്തിലേക്കെത്തിക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിലെ സിരി എയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലുക്കാക്കു തന്നെയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇക്കാര്യത്തിൽ പിന്തള്ളാൻ ലുക്കാക്കുവിന് സാധിച്ചിരുന്നു.

ഏതായാലും ക്രിസ്റ്റ്യാനോയെ കുറിച്ച് ചില കാര്യങ്ങൾ ലുക്കാക്കു ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച 3 താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ എന്നാണ് ലുക്കാക്കു പറഞ്ഞിട്ടുള്ളത്.അദ്ദേഹവുമായുള്ള മത്സരം തന്നെ മറ്റൊരു ലെവലിൽ എത്തിച്ചെന്നും ലുക്കാക്കു കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം AIC എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.ലുക്കാക്കുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്റർ മിലാന്റെ ആരാധകർ എപ്പോഴും ഞങ്ങളെ പിന്തുണച്ചിരുന്നു.അതിന് ഞാൻ അവരോട് നന്ദി പറയുന്നു. ക്രിസ്ത്യാനോ റൊണാൾഡോയേക്കാൾ മുന്നിലായിരിക്കുക എന്നുള്ളത് എല്ലാദിവസവും സംഭവിക്കുന്ന ഒരു കാര്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച 3 താരങ്ങളിൽ പെട്ട ഒരാളാണ്.അദ്ദേഹം എന്നെ മറ്റൊരു ലെവലിൽ എത്തിച്ചിട്ടുണ്ട്. കാരണം ഒരുപാട് മികച്ച കാര്യങ്ങൾ അദ്ദേഹം ചെയ്തു. കഴിഞ്ഞ സീസണിലെ സിരി എയിലെ ഏറ്റവും മികച്ച ഇലവനിൽ ഉൾപ്പെട്ടതിൽ ഞാൻ സന്തോഷവാനാണ്.എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു ” ഇതാണ് ലുക്കാക്കു പറഞ്ഞിട്ടുള്ളത്.

ഈ സീസണിലാണ് ക്രിസ്റ്റ്യാനോയും ലുക്കാക്കുവും ക്ലബ്ബുകൾ വിട്ടുകൊണ്ട് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആകെ 18 ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയപ്പോൾ 12 ഗോളുകളാണ് ചെൽസിക്ക് വേണ്ടി ഈ സീസണിൽ ലുക്കാക്കു നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *