എന്ത് വില കൊടുത്തും ഹാലണ്ടിനെ സ്വന്തമാക്കണം, നീക്കങ്ങൾ ദ്രുതഗതിയിലാക്കി സിറ്റി!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കറായിരുന്ന സെർജിയോ അഗ്വേറോ ടീം വിട്ടിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ട്രാൻസ്ഫറിൽ ടോട്ടൻഹാം സൂപ്പർ താരമായ ഹാരി കെയ്നിന് വേണ്ടി സിറ്റി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും സ്പർസ് വിട്ടു നൽകിയിരുന്നില്ല. അത്കൊണ്ട് തന്നെ ഒരു യഥാർത്ഥ സ്ട്രൈക്കർ ഇല്ലാത്തത് സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.
Man City 'preparing to go all out' for Erling Haaland transfer #MCFC https://t.co/65Our2GVis
— Manchester City News (@ManCityMEN) December 26, 2021
പക്ഷേ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിനെ എന്തുവിലകൊടുത്തും ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണു നിലവിൽ പെപ് ഗ്വാർഡിയോളയുള്ളത്. താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി നീക്കങ്ങൾ ദ്രുതഗതിയിലാക്കി എന്നാണ് പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹാലണ്ടിന് വേണ്ടി പല വമ്പൻ ക്ലബുകളും രംഗത്തുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവില്ല എന്നുള്ളത് പെപിന് കൃത്യമായ ബോധ്യമുണ്ട്.
ഹാലണ്ടിന്റെ റിലീസ് ക്ലോസ് 75 മില്യൺ യൂറോയാണ് എന്നുള്ള കാര്യം കഴിഞ്ഞ ദിവസം ജർമൻ മാധ്യമമായ ബിൽഡ് പുറത്തുവിട്ടിരുന്നു.2024 വരെ ഹാലണ്ടിന് ബൊറൂസിയയുമായി കരാറുണ്ടെങ്കിലും താരം ക്ലബ്ബ് വിടാൻ ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം ഏജന്റായ റയോള തന്നെ അറിയിച്ചിരുന്നു. യുണൈറ്റഡ്, സിറ്റി, റയൽ, ബാഴ്‌സ, ബയേൺ, ലിവർപൂൾ, ചെൽസി എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച ക്ലബ്ബുകളാണ്.