എന്തൊരു മത്സരം! ഇത് അത്ഭുതദൃശ്യം, ലീഡ്‌സിനെതിരായ മത്സരത്തെ കുറിച്ച് ക്ലോപ് പറയുന്നു !

ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്ന ഒരു മത്സരമായിരുന്നു പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ നമ്മെ കാത്തിരുന്നത്. ലിവർപൂളും ലീഡ്‌സ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇത്തരമൊരു മത്സരഫലം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അടിയും തിരിച്ചടിയുമായി ഗോൾ മഴ പെയ്ത മത്സരം അവസാനിക്കുമ്പോൾ സ്കോർ 4-3 ന് ലിവർപൂൾ ജയം കൊയ്യുകയായിരുന്നു. തങ്ങൾക്ക് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികളാണ് തങ്ങളുടെ രക്ഷക്കെത്തിയതെന്ന് ലിവർപൂൾ താരങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. ഇപ്പോഴിതാ മത്സരത്തെ കുറിച്ചും എതിരാളികളായ ലീഡ്‌സിനെ കുറിച്ചും പുകഴ്ത്തി കൊണ്ട് സംസാരിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. എന്തൊരു മത്സരം, എനിക്കിഷ്ട്ടപെട്ടു എന്നാണ് ക്ലോപ് മത്സരത്തെ കുറിച്ച് പറഞ്ഞത്. അത്ഭുതദൃശ്യമാണ് കാണാനായത് എന്നാണ് ക്ലോപ് മത്സരത്തെ കുറിച്ച് മനസ്സ് തുറന്നത്. എതിരാളികളായ ലീഡ്‌സ് യുണൈറ്റഡിനെ അഭിനന്ദിക്കാനും ക്ലോപ് മറന്നില്ല. മികച്ച എതിരാളികളായിരുന്നു ലീഡ്‌സ് എന്നും ഞങ്ങളെ കൊണ്ട് പിഴവുകൾ വരുത്തിപ്പിക്കാൻ അവർക്ക് സാധിച്ചെന്നും ക്ലോപ് കൂട്ടിച്ചേർത്തു. ലീഡ്‌സിനെ സംബന്ധിച്ചെടുത്തോളം ഇതൊരു നല്ല സീസണായിരിക്കുമെന്നും ക്ലോപ് അറിയിച്ചു. മത്സരശേഷം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ക്ലോപ് സംസാരിച്ചത്.

” എന്തൊരു മത്സരമായിരുന്നു, എന്തൊരു എതിരാളികളായിരുന്നു, എന്തൊരു പ്രകടനമായിരുന്നു ഇരുടീമുകളും. ഒരു അത്ഭുതദൃശ്യമായിരുന്നു. എനിക്കിഷ്ടപ്പെട്ടു. ഒരു മത്സരത്തിൽ ഇത്രയധികം ഗോളുകൾ പിറക്കുക എന്നുള്ളത് തന്നെ അപൂർവമായ, മനോഹരമായ കാഴ്ച്ചയാണ്. ലീഡ്‌സ് ഞങ്ങളെ പിഴവുകൾ വരുത്തിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഞങ്ങൾക്ക് ഇതിലും മികച്ചത് ചെയ്യാൻ കഴിയുമായിരുന്നു. വളരെയധികം ഒത്തൊരുമയുടെയും ആത്മാർത്ഥയോടെയുമാണ് ലീഡ്‌സ് ഈ മത്സരത്തെ സമീപിച്ചത്. ഞങ്ങൾക്ക് ഒരുപാട് ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു. നിങ്ങൾക്ക് പ്രീ സീസണിൽ എന്തെങ്കിലും നഷ്ടപ്പെട്ടാൽ അത്‌ തിരിച്ചെടുക്കാൻ സമയം ആവിശ്യമാണ്. ഈ മത്സരത്തിൽ ഞാൻ നല്ലത് മാത്രമേ കാണുന്നുള്ളൂ. തീർച്ചയായും ലീഡ്‌സ് മികച്ച രീതിയിൽ കളിച്ചു. അവരെ സംബന്ധിച്ചെടുത്തോളം ഇതൊരു മികച്ച സീസൺ ആയിരിക്കുമെന്നുറപ്പാണ് ” ക്ലോപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *