എന്തിനാണ് എല്ലാവരും റൊണാൾഡോയെ മാത്രം ഉന്നം വെക്കുന്നത്? താരത്തിന്റെ കാര്യത്തിലുള്ള ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി പരിശീലകൻ ടെൻ ഹാഗ്!
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. യുണൈറ്റഡിന് യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനാവാത്തത് റൊണാൾഡോക്ക് അതൃപ്തി ഉണ്ടാക്കിയ കാര്യമാണ്. കൂടാതെ ഇപ്പോഴത്തെ ഈ മോശം പ്രകടനം അതൃപ്തി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഏതായാലും കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രന്റ്ഫോർഡിനോട് പരാജയപ്പെട്ടത്. ആ മത്സരത്തിനിടയിലുള്ള റൊണാൾഡോയുടെ ആറ്റിറ്റ്യൂഡ് വലിയ വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ പരിശീലകൻ ടെൻ ഹാഗ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് എന്തിനാണ് റൊണാൾഡോയെ മാത്രം ഉന്നം വെക്കുന്നത് എന്നാണ് പരിശീലകൻ ചോദിച്ചിട്ടുള്ളത്.മാത്രമല്ല റൊണാൾഡോ ഇപ്പോഴും തന്റെ പ്ലാനുകളിൽ ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🏴 Ten Hag affirme de nouveau sa confiance envers Ronaldo : "Cristiano est dans nos plans." https://t.co/nqZ2EGGWOS
— RMC Sport (@RMCsport) August 19, 2022
‘ ഞാൻ മുമ്പ് പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്.ക്രിസ്റ്റ്യാനോ ഞങ്ങളുടെ പ്ലാനുകളിൽ ഉള്ള താരമാണ്.അതാണ് എനിക്കിപ്പോൾ പറയാൻ സാധിക്കുക.കഴിഞ്ഞ മത്സരത്തിനു ശേഷം എല്ലാവരും അദ്ദേഹത്തെ മാത്രം ഉന്നം വെക്കുന്നത് എന്തിനാണ് എന്നുള്ളത് എനിക്കറിയില്ല. ടീമിന്റെ ഒന്നടങ്കം ആറ്റിറ്റ്യൂഡിനേയും പെർഫോമൻസിനെയും പറ്റിയുള്ളതാണ് അത്.അതിൽ റൊണാൾഡോയും ഉൾപ്പെടുന്നു. അല്ലാതെ റൊണാൾഡോ മാത്രമല്ല ഉള്ളത്. ടീം ഒന്നടങ്കം ഉത്തരവാദികളാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ഇനി യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ ചിരവൈരികളായ ലിവർപൂളാണ്. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം നടക്കുക.