എനിക്കിഷ്ടപ്പെട്ടില്ല : ലുക്കാക്കുവിന് മറുപടിയുമായി ടുഷേൽ!

കഴിഞ്ഞ ദിവസമായിരുന്നു ചെൽസിയുടെ ബെൽജിയൻ സൂപ്പർ താരം റൊമേലു ലുക്കാക്കു ക്ലബ്ബിനും പരിശീലകനായ ടുഷേലിനുമെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നത്. ടുഷേൽ ക്ലബ്ബിന്റെ സിസ്റ്റം തന്നെ മാറ്റിമറിച്ചെന്നും ചെൽസിയിൽ താൻ ഹാപ്പിയല്ല എന്നുമായിരുന്നു ലുക്കാക്കു തുറന്ന് പറഞ്ഞത്. ചെൽസി ആരാധകർക്കിടയിൽ ഇത് കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.

ഏതായാലും റൊമേലു ലുക്കാക്കുവിന്റെ പ്രസ്താവനകളോട് ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.ലുക്കാക്കുവിന്റെ പ്രസ്താവന തനിക്കിഷ്ടപ്പെട്ടില്ലെന്നും അത് ടീമിൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നുമാണ് ടുഷേൽ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും അദ്ദേഹത്തിന്റെ പ്രസ്താവന ഞങ്ങൾക്കിഷ്ടപ്പെട്ടിട്ടില്ല.അത് പ്രശ്നങ്ങളാണ് കൊണ്ട് വരിക, അതല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ടീമിന് ഒരിക്കലും സഹായകരമാവില്ല.ഞങ്ങൾക്ക് ആവിശ്യമുള്ളത് ശാന്തതയോട് കൂടിയുള്ള അന്തരീക്ഷവും ശ്രദ്ധയുമാണ്.അദ്ദേഹം ഹാപ്പിയല്ല എന്നുള്ള കാര്യം എനിക്ക് തോന്നിയിട്ടില്ല. എനിക്കതിനോട് എതിരഭിപ്രായമാണുള്ളത്.അത്കൊണ്ട് തന്നെ ലുക്കാക്കു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.പക്ഷേ ഇനി ഇതേക്കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ സ്വകാര്യമായി നടത്തിക്കോളാം.ഇനി നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കാം. അദ്ദേഹം വളരെ പരിചയസമ്പത്തുള്ള ഒരു താരമാണ്. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഏതു രൂപത്തിലുള്ള സന്ദേശമാണ് ആളുകൾക്ക് നൽകുക എന്നുള്ളത് അദ്ദേഹത്തിനറിയാം ” ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലായിരുന്നു ലുക്കാക്കു ഇന്റർ വിട്ട് ചെൽസിയിൽ എത്തിയത്. ഇന്റർ മിലാൻ വിടാൻ പാടില്ലായിരുന്നു എന്നുള്ള കാര്യവും അദ്ദേഹം തുറന്നടിച്ചു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *