എതിരാളികൾക്ക് മുന്നറിയിപ്പുമായി പെപ്,കഴിഞ്ഞ സീസണിനേക്കാളും മികച്ച ഹാലന്റാണ് ഇപ്പോഴുള്ളതെന്ന് പരിശീലകൻ!

ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ യോക്കോഹോമ മറൈനേഴ്സിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി. രണ്ടാം പകുതിയിൽ പകരക്കാരനായ ഇറങ്ങിയ ഹാലന്റ് 7 മിനിറ്റിനകം തന്നെ ഗോൾ നേടുകയായിരുന്നു. ഈ സീസണിലെ ഗോൾ വേട്ട ഇതോടുകൂടി ഹാലന്റ് ആരംഭിച്ചു കഴിഞ്ഞു.

ഏതായാലും ഈ മത്സരത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഹാലന്റിനെ കുറച്ച് സംസാരിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിനേക്കാൾ മികച്ച രൂപത്തിലാണ് ഇപ്പോൾ ഹാലന്റുള്ളത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ശാരീരികമായി അദ്ദേഹം കൂടുതൽ ഫിറ്റായിട്ടുണ്ടെന്നും പെപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക ഒരു റിപോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിനെ അപേക്ഷിച്ചുനോക്കുമ്പോൾ ഹാലന്റ് ശാരീരികമായി കൂടുതൽ ഫിറ്റായിട്ടുണ്ട്. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഉള്ളത്. പക്ഷേ തന്റെ ഏറ്റവും മികച്ച ലെവലിലേക്ക് അദ്ദേഹത്തിന് എത്തണമെങ്കിൽ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞു എന്നതാണ്. കാരണം കഴിഞ്ഞ സീസണിലെ അവസാന പല മത്സരങ്ങളിലും ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഞങ്ങൾക്ക് അദ്ദേഹത്തെ നന്നായി അറിയാം. കൂടുതൽ മെച്ചപ്പെട്ട കണ്ടീഷനിലേക്ക് അദ്ദേഹത്തിന് ഇനിയും എത്താൻ സാധിക്കും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ആകെ 52 ഗോളുകളായിരുന്നു ഹാലന്റ് ക്ലബ്ബിന് വേണ്ടി നേടിയിരുന്നത്.അതിൽ 36 ഗോളുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലായിരുന്നു നേടിയിരുന്നത്. എന്നാൽ സീസണിലെ അവസാനത്തെ എട്ടുമത്സരങ്ങളിൽ കേവലം ഒരു ഗോൾ മാത്രം അദ്ദേഹം നേടിയത് ആശങ്ക ഉണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *